എഫ് സി ബാഴ്സലോണയും യുവെൻ്റസും അവരുടെ മധ്യനിര താരങ്ങളായ ആർതർ മെലോ, മിറലം പ്യാനിക്ക് എന്നിവരെ പരസ്പരം കൈമാറുന്ന ഡീലിനായി ശ്രമിക്കുന്നു എന്ന വാർത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്രാൻസ്ഫർ വിപണിയിൽ സജീവമാണ്. ഇക്കാര്യത്തിൽ ഇരു ടീമുകളും തമ്മിൽ എഗ്രിമെൻ്റിൽ എത്തിക്കഴിഞ്ഞു എന്ന് തന്നെയാണ് പല യൂറോപ്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. ഈ ഡീൽ നടന്നു കഴിഞ്ഞാൽ ആർക്കാവും ഗുണമുണ്ടാവുക? ഇതിലൂടെ നഷ്ടം പറ്റുക ആർക്കാവും?
ഡീൽ നടന്നാൽ നേട്ടമുണ്ടാക്കുന്നവർ
“1- ആർതർ & പ്യാനിക്ക്”
രണ്ട് താരങ്ങൾക്കും ഈ ഡീൽ വഴി ഗുണമാണുണ്ടാവുക. ഇരുവരും നിലവിലെ അവസ്ഥയിൽ അവരവരുടെ ക്ലബ്ബുകളിൽ തൃപ്തരല്ല, പ്രത്യേകിച്ച് പ്യാനിക്ക്. താരം മാനേജർ മൗറീസിയോ സാറിയുമായി അത്ര നല്ല ബന്ധത്തിലല്ല എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. അതുപോലെ ആർതറിനോട് ഈയിടയാണ് കളിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബാഴ്സ പരിശീലകൻ ക്വീക്കെ സെറ്റിയെൻ പരസ്യമായി ആവശ്യപ്പെട്ടത്. അതിനാൽ നിലവിലെ സാഹചര്യത്തിൽ ഒരു കൂടുമാറ്റം ഇരു താരങ്ങൾക്കും പുതിയൊരു തുടക്കമിടാനും തങ്ങളുടെ ഫോം വീണ്ടെടുക്കാനും സഹായകരമായേക്കും.
“2-യുവെൻ്റസ്”
ഈ ഡീലിലൂടെ നേട്ടമുണ്ടാക്കാൻ പോകുന്ന ക്ലബ്ബ് യുവെൻ്റസായിരിക്കും. കാരണം 30കാരനായ, ഈ സീസണിൽ 35 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടും 3 ഗോളുകളും 2 അസിസ്റ്റുകളും മാത്രം നേടാൻ കഴിഞ്ഞ മധ്യനിര താരത്തിന് പകരം 23 വയസ്സ് മാത്രം പ്രായമുള്ള ഈ സീസണിൽ ഇതുവരെ 26 മത്സരങ്ങളിൽ നിന്നും 4 ഗോളുകളും 4 അസിസ്റ്റുകളും സ്വന്തമാക്കിയ താരത്തെയാണവർക്ക് ലഭിക്കാൻ പോകുന്നത്. കളിച്ച 26 കളികളിൽ 17 എണ്ണത്തിൽ മാത്രമേ ആർതർ സ്റ്റാർട്ട് ചെയ്തിട്ടുള്ളൂ എന്നതും ശ്രദ്ദേയമാണ്. ഏതായാലും മാനേജർക്ക് താത്പര്യമില്ലാത്ത മുപ്പത് കാരനായ താരത്തിന് പകരം 23 കാരനായ യുവ പ്രതിഭയെ സ്വന്തമാക്കാനാവുന്നത് യുവെൻ്റസിന് നേട്ടമാണ്.
“3-റിക്വി പ്യുഗ്”
ആർതർ ക്യാമ്പ് നൗ വിട്ടാൽ തീർച്ചയായും അത് റിക്വി പ്യുഗിന് ഗുണം ചെയ്യും. നിലവിൽ ആർതറും ഫ്രങ്കി ഡി ജോംഗും കയ്യാളുന്ന പൊസിഷനിലേക്ക് പ്യുഗ് കൂടുതലായി പരിഗണിക്കപ്പെടും. അതിലൂടെ യുവ താരത്തിന് കൂടുതൽ പേയിംഗ് ടൈം ലഭിക്കുകയും ചെയ്യും. തീർച്ചയായും അവസരങ്ങൾ ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനമാണ് പ്യുഗ് കാഴ്ച വെച്ചിട്ടുള്ളത്.
ഡീൽ നടന്നാൽ നഷ്ടം പറ്റുന്നവർ
“1. FC ബാഴ്സലോണ “
ഈ ഡീലിൽ നഷ്ടം പറ്റുന്ന ക്ലബ്ബ് എഫ്സി ബാഴ്സലോണയായിരിക്കും. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 23 കാരനായ ആർതറിന് 80 മില്ല്യൺ യൂറോയും 30 കാരനായ പ്യാനിക്കിന് 70 മില്ല്യൺ യൂറോയുമാണ് വിലയിട്ടിരിക്കുന്നത്! 23 കാരനായ താരത്തിന് പകരം മുപ്പതുകാരനായ ഒരു താരത്തെ എത്തിക്കുന്നതിലൂടെ ബാഴ്സ ലക്ഷ്യമിടുന്നത് എന്താണെന്നത് ദുരൂഹമാണ്. പ്രത്യേകിച്ച് ബാഴ്സലോണയുടെ മധ്യനിരയിൽ ആർതുറോ വിദാൽ (33 വയസ്സ്), ഇവാൻ റിക്കിടിച്ച് (32 വയസ്സ്), സെർജിയോ ബുസ്ക്കിറ്റസ് (32 വയസ്സ്) എന്നിവർ പ്രായം മുപ്പത് കടന്നവർ ആണെന്നിരിക്കെ ഒരു യുവതാരത്തെ കൊടുത്ത് മറ്റൊരു മുപ്പതുകാരനെ ടീമിലെത്തിക്കുന്നത് ഒരിക്കലും ഗുണം ചെയ്യില്ല.
“2- സമി ഖെദീര”
യുവെൻ്റസ് താരമായ സമി ഖെദീരയാണ് ഈ ഡീൽ നടന്നാൽ നഷ്ടം പറ്റുന്ന ഒരാൾ! 33കാരനായ ഖെദീരക്ക് കാൽമുട്ടിൽ രണ്ട് ശസ്ത്രക്രിയകൾ കഴിഞ്ഞതാണ്. പരിക്കും ഫോമില്ലായ്മയും താരത്തെ വല്ലാതെ വലക്കുന്നുണ്ട്. അത്തരം ഒരു സാഹചര്യത്തിൽ ആർതറിനെപ്പോലൊരു യുവതാരം ക്ലബ്ബിലെത്തിയാൽ അത് ഖെദീരയുടെ അവസരങ്ങൾ പൂർണ്ണമായും ഇല്ലാതാക്കും.
ഏതായാലും ഈ ഡീൽ ഏതാണ്ട് ഉറപ്പായി എന്ന് തന്നെയാണ് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത്ര വലിയൊരു അബദ്ധം ബാഴ്സ മാനേജ്‌മെന്റ് ചെയ്യുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം ..??
കാര്യങ്ങളുടെ വ്യക്തതക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം