കൊച്ചി:ചില്ലുജാലകം തുറന്ന് ഉണ്ണിയെ ആകാശംകാണിക്കുമ്പോൾ അനിതയുടെ മനസ്സിൽ വാത്സല്യവും സങ്കടവും ഒരുപോലെ തുളുമ്പി. അവൻ തന്റെ കുഞ്ഞുമുഖം അപരിചിതയായ ആ പോറ്റമ്മയുടെ മുഖത്തോടുചേർത്തുപിടിച്ചു. പുറത്തുനിന്ന് ആ കാഴ്ച കൺനിറയെക്കണ്ട് അനിതയുടെ മൂന്നുമക്കളും.
കോവിഡ് പോസിറ്റീവായ മാതാപിതാക്കളുടെ കുഞ്ഞ് കളമശ്ശേരി മെഡിക്കൽകോളേജിൽ സന്നദ്ധപ്രവർത്തകയായ ഡോ. മേരി അനിതയ്ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കുഞ്ഞിനു കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും നെഗറ്റീവാണെന്നു കണ്ടതോടെയാണ് അമ്മയിൽനിന്നുമാറ്റി അനിതയ്ക്കൊപ്പം താമസിപ്പിച്ചത്.ചൊവ്വാഴ്ച രാത്രി അമ്മയെ മറ്റൊരുകേന്ദ്രത്തിലേക്കു മാറ്റി. ഇതോടെ കുഞ്ഞിനെയും ആശുപത്രിയിൽനിന്ന് കൊണ്ടുപോകാൻ നിർദേശംവന്നു. അമ്മയുടെയോ അച്ഛന്റെയോ ബന്ധുക്കൾ കുഞ്ഞിനെ ഏറ്റെടുക്കുമെന്നു കരുതിയെങ്കിലും ആരും വന്നില്ല.
അതോടെ കുഞ്ഞിനെ ഉപേക്ഷിച്ചുപോരാൻ മനസ്സുവരാതെ അവനെയുംകൂട്ടി നഗരത്തിലെ ഒരു ഫ്ളാറ്റിലേക്കുമാറാൻ അനിത തീരുമാനിച്ചു.കുഞ്ഞിന്റെ അച്ഛനാണ് ആദ്യംകോവിഡ് സ്ഥിരീകരിച്ചത്. ഹരിയാണയിലായിരുന്നു ജോലി. ആശുപത്രിയിൽ പ്രവേശിച്ച് അയാൾ ഭാര്യയെയും മകനെയും നാട്ടിലേക്കു പറഞ്ഞുവിട്ടു. നാട്ടിലെത്തി മൂന്നാലുദിവസം കഴിഞ്ഞപ്പോഴാണ് പനി ബാധിച്ച് അമ്മയും കുഞ്ഞും ആശുപത്രിയിലെത്തുന്നത്.
അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
”ആംബുലൻസിൽ മെഡിക്കൽകോളേജിെലത്തുമ്പോൾ പി.പി.ഇ. കിറ്റ് ധരിച്ച് ചിലർവന്നു കുഞ്ഞിനെ എന്റെ കൈയിൽതന്നു. ആദ്യമൊക്കെ അമ്മയെ കാണാത്തതുകൊണ്ടും മുലപ്പാൽ കുടിക്കാൻ പറ്റാത്തതുകൊണ്ടുമൊക്കെ അവൻ വലിയ കരച്ചിലായിരുന്നു. ഇപ്പോ എല്ലാംമാറിവരുന്നു. ഞാൻ ഉണ്ണീ എന്നു വിളിച്ചാൽ അവൻ മോണകാട്ടി ചിരിക്കും…”- അനിത പറഞ്ഞു.
നഗരത്തിലെ ഫ്ളാറ്റിൽ കുഞ്ഞിനൊപ്പം ക്വാറന്റീനിലാണ് അനിത. ജനൽ തുറക്കുമ്പോൾ താഴെ അനിതയുടെ മൂന്നുമക്കൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അമ്മയ്ക്കും കുഞ്ഞുവാവയ്ക്കുമുള്ള ഭക്ഷണം ഫ്ളാറ്റിനു പുറത്തുകൊണ്ടുപോയിവെച്ച് മടങ്ങുകയായിരുന്നു അവർ. അനിതയുടെ ഇളയമകൾ മൗഷ്മി സങ്കടത്തിലാണ്, പക്ഷേ അവളുടെ വാക്കുകൾ ഇങ്ങനെയായിരുന്നു- ”സാരമില്ല, എല്ലാം ഒരു കുഞ്ഞുവാവയ്ക്കു വേണ്ടിയല്ലേ…”
Dr.Anitha Mary