ലാലിഗ കിരീടത്തിലേക്കുള്ള ബാഴ്സലോണയുടെ വഴികള്‍ മെല്ലെ അടയുന്നു.
അതി നിര്‍ണായകമായിരുന്ന ഇന്നത്തെ മത്സരത്തില്‍ ബാഴ്സലോണ സെൽറ്റ വിഗോയോട് സമനില വഴങ്ങി.
രണ്ട് തവണ ലീഡെടുത്തിട്ടും 2-2 സമനിലയുമായി മടങ്ങേണ്ടി വന്നു. സമനിലയോടെ ലീഗ് ടേബിളിൽ റയൽ മാഡ്രിഡിനു മുമ്പിൽ ഒരു പോയിന്റ് മാത്രം ലീഡിൽ ഒന്നാം സ്ഥാനതാണ് ഇപ്പോൾ ബാർസിലോണ.
ആദ്യ പകുതിയില്‍ മികച്ച പ്രകടനം നടത്തിയ ശേഷമാണ് ബാഴ്സലോണ വിലപ്പെട്ട പോയന്റ് നഷ്ടപ്പെടുത്തിയത്. മത്സരത്തിന്റെ 20ആം മിനുട്ടില്‍ സുവാരസാണ് ബാഴ്സക്ക് ലീഡ് നല്‍കിയത്. മെസ്സിയുടെ ഫ്രീകിക്കിലെ മികച്ച പാസ് ഹെഡ് ചെയ്തായിരുന്നു സുവാരസ് വല കുലുക്കിയത്. രണ്ടാം പകുതിയില്‍ തുടക്കത്തില്‍ തന്നെ സ്മൊലോവിലൂടെ സെല്‍റ്റ സമനില പിടിച്ചു.
വീണ്ടും മെസ്സി സുവാരസ് കൂട്ടുകെട്ട് ബാഴ്സക്ക് ലീഡ് നല്‍കി. ഇത്തവണയും മെസ്സി അസിസ്റ്റും സുവാരസിന്റെ ഗോളും. എന്നാല്‍ ആ ഗോളിന് ശേഷം ബാഴ്സലോണ കളി മറന്നു. 88ആം മിനുട്ടില്‍ സ്പാനിഷ് താരം ആസ്പാസിന്റെ കിടിലൻ ഫ്രീകിക്കില്‍ സെല്‍റ്റ സമനില നേടി. അവസാന നിമിഷത്തില്‍ വിജയിക്കാനുള്ള സുവര്‍ണ്ണാവസരം സെല്‍റ്റ നഷ്ടപ്പെടുത്തിയത് ബാഴ്സയുടെ ഭാഗ്യമായി.