ആലപ്പുഴ നഗരത്തിലെയും പുന്നപ്ര പഞ്ചായത്തിലെയും ഓരോ വാർഡ് ഉൾപ്പെടെ ജില്ലയിൽ നാലിടങ്ങൾ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചതിന്റെ പശ്‌ചാത്തത്തലത്തിലും നഗരത്തിലെ തിരക്കിന് കുറവില്ല. കൈക്കുഞ്ഞുങ്ങളുമായിവരെ ആളുകൾ നഗരത്തിലെ കടകൾ കയറിയിറങ്ങുന്നുണ്ട്.
മാസ്‌ക് ധരിച്ചിട്ടുണ്ടെങ്കിലും താടിയിലോ കഴുത്തിലോ ആണ് സ്ഥാനം. ലോക്ക്‌ഡൗൺ ഇളവ് ദുർവിനിയോഗം ചെയ്യുന്നവരാണ് നല്ലൊരു ശതമാനവും. രോഗികളുടെ എണ്ണം കൂടിയിട്ടും ഇതിന് മാറ്റമില്ല.
ഒരു മോതിരം വാങ്ങാൻ വെള്ളിയാഴ്‌ച കടയിലെത്തിയത് കുടുംബത്തിലെ ഏഴുപേരാണെന്ന് ജ്വല്ലറി ഉടമ പറഞ്ഞു. തുണിക്കടകളും വ്യത്യസ്‌തമല്ല. നഗരത്തിലെ പ്രധാന മാർക്കറ്റുകളായ പുലയൻ വഴി, വഴിച്ചേരി-, ഡാറാസ് എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നില്ല.
നഗരത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് കണ്ടൈൻമെന്റ് സോണായ കാഞ്ഞിരംചിറ വാർഡ്. പുന്നപ്ര പഞ്ചായത്തിലുള്ളവരും പ്രധാന ആവശ്യങ്ങൾക്ക് പതിവുപോലെ നഗരത്തിലെത്തുന്നുണ്ട്
നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളും നിയന്ത്രണം മറന്നിട്ടുണ്ട്. രാപകൽ വ്യത്യാസമില്ലാതെയാണ് ചില വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന നാഷണൽ പെർമിറ്റ് ലോറികളിലെ ജീവനക്കാരടക്കം കടകളിലെ സന്ദർശകരാണ്.
കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കിയത് കോവിഡ് സാമൂഹികവ്യാപനം തടയാനാണ്. എന്നാൽ ചില ട്യൂഷൻ സെന്ററുകളിൽ ധാരാളം കുട്ടികളെ വരുത്തി ട്യൂഷൻ നൽകുന്നുണ്ട്. ചില വീടുകൾ കേന്ദ്രീകരിച്ചും ട്യൂഷൻ തുടരുകയാണ്. സ്ഥിതി രൂക്ഷമായതോടെ നഗരത്തിൽ കടകളും സ്ഥാപനങ്ങളും തുറക്കുന്നതിന് നഗരസഭ നിയന്ത്രണം ഏർപ്പെടുത്തി