മുംബൈ: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ്നെ നാലോളം സിനിമകളിൽ നിന്ന് ഒഴിവാക്കിയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ സഞ്ജയ് ലീല ബൻസാലി. മുംബൈ പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ബൻസാലി കാരണം വ്യക്തമാക്കിയത്. സുശാന്തിൻറെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ബൻസാലിയെ പൊലീസ് കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
ബൻസാലിയുടെ ചില ചിത്രങ്ങളിൽ സുശാന്തിനെ നായകനായി തിരഞ്ഞെടുത്തിരുന്നുവെങ്കിലും പിന്നീട് താരം ഒഴിവാക്കപ്പെട്ടെന്നും ഇത് സുശാന്തിനെ മാനസിക സമ്മർദത്തിലാക്കിയിരുന്നുവെന്നും വാർത്താ മാധ്യമങ്ങൾ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് മുംബൈ പോലീസ് ബൻസാലിയെ ചോദ്യം ചെയ്തത്.
തന്റെ സിനിമകൾക്കായി സുശാന്തിന്റെ ഡേറ്റുകൾ ലഭിക്കാത്തതുകൊണ്ടാണ് സുശാന്തിന് പകരം മറ്റ് താരങ്ങളെ താൻ ചിത്രങ്ങളിലേക്ക് തിരഞ്ഞെടുത്തതെന്ന് ബൻസാലി പറഞ്ഞു എന്നാണ് റിപ്പോട്ടുകൾ വന്നിരിക്കുന്നത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളും സഹപ്രവർത്തകരും സുഹൃത്തുക്കളും ഉൾപ്പെട്ട 34 പേരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്.