Headlines

കടൽത്തീരത്തുള്ള മത്സ്യബന്ധനവും വിപണനവും നിരോധിച്ചു

ആലപ്പുുഴ: ജില്ലയുടെ മുഴുവൻ കടൽ തീരപ്രദേശത്തും മത്സ്യബന്ധനവും വിപണനവും ഇന്ന് (ജൂലൈ 9) പകൽ മൂന്നുമണി മുതൽ ജൂലൈ 16 രാത്രി 12 മണി വരെ നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ എ.അലക്സാണ്ടര്‍ ഉത്തരവായി.

കോവിഡ് 19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിന് കർശനമായ നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിച്ചുവരുന്നതിന്‍റെ ഭാഗമായാണ് പുതിയ ഉത്തരവ്. ആലപ്പുഴ ജില്ലയിലെ കടൽ തീര പ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനും വിപണനത്തിനും അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും ധാരാളമായി ആളുകൾ എത്തിച്ചേരുന്ന സാഹചര്യവും നിലനിൽക്കുന്നു. മത്സ്യത്തൊഴിലാളികൾക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതിന്‍റെ ഉറവിടം കണ്ടെത്താൻ ആയിട്ടില്ല എന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ആളുകൾ ഒരുമിച്ചു മത്സ്യബന്ധനത്തിനു പോകുന്നതും പരസ്പരം ഇടകലരുന്നതും മത്സ്യവിപണനത്തിനായി ഒട്ടനവധി ആളുകൾ ഒരുമിച്ചു കൂടുന്നതും കോവിഡ് 19 രോഗ ബാധയ്ക്കും സമൂഹ വ്യാപനത്തിനും ഇടയാക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ദുരന്തനിവാരണ നിയമം അനുസരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

ഈ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 2020ലെ പകർച്ചവ്യാധി നിയന്ത്രണ നിയമം സെക്ഷൻ-4, 2005ലെ ദുരന്തനിവാരണ നിയമം വകുപ്പ്-51b എന്നിവ പ്രകാരം നിയമ നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *