കൊറോണ കാലത്ത് പുതുതായി ചിത്രീകരണം ആരംഭിച്ച സിനിമകളെയൊക്കെ വിലക്കി ഫിലിം ചേംബര്‍. തിയറ്റര്‍ റിലീസിനോ, വിതരണത്തിനോ വേണ്ടി ഈ സിനിമകള്‍ക്ക് സംഘടനകളുടെ സഹായം ലഭ്യമാക്കേണ്ടെന്ന നിലപാട് സ്വീകരിച്ചിരിക്കുന്ന ചേംബര്‍. ഇപ്പോൾ പുതിയ സിനിമകളുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നത് ഫിലിം ചേംബറിലാണ്. സംഘടനകളുടെ സംയുക്ത യോഗത്തില്‍ പുതുതായി ഒരു ടൈറ്റില്‍ പോലും രജിസ്റ്റര്‍ ചെയ്യേണ്ടെന്നും കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബര്‍ യോഗം തീരുമാനിച്ചു.
കൊറോണ ലോക്ക് ഡൗണ്‍ മൂലം നിര്‍ത്തിവച്ച സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം പുതിയ സിനിമകള്‍ തുടങ്ങിയാൽ മതിയെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ഫിലിം ചേംബറിന്റെയും നിലപാട്. ഈ തീരുമാനം ലംഘിച്ചാണ് ഫഹദ് ഫാസില്‍ ചിത്രവും, ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഷൈന്‍ ടോം ചാക്കോ-രജിഷാ വിജയൻ ചിത്രവും തുടങ്ങിയതെന്നാണ് ഫിലിം ചേംബര്‍ നേതൃത്വം അറിയിച്ചിരിക്കുന്നത്. നേരത്തെ ഈ സിനിമകള്‍ക്ക് ഫെഫ്ക പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഓഗസ്റ്റ് 17ന് ഷൂട്ടിംഗ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച മോഹന്‍ലാല്‍ ചിത്രം ദൃശ്യം സെക്കന്‍ഡിനും ഈ ഘട്ടത്തില്‍ അനുമതി നല്‍കേണ്ടെന്നു കൂടി ഫിലിം ചേംബര്‍ നിലപാട് സ്വീകരിച്ചത് ആരാധകരെ വിഷമത്തിലാക്കിയിട്ടുണ്ട്. എന്നാൽ ദൃശ്യം 2 ടൈറ്റില്‍ രജിസ്‌ട്രേഷന്‍ നേരത്തെ തന്നെ നടത്തിയിരുന്നുവെന്നാണ് സംഘടനാ ഭാരവാഹികള്‍ ദ ക്യു’വിനോട് പറഞ്ഞത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുതിയ സിനിമകളുടെ ഷൂട്ടിംഗിന് അനുമതി നല്‍കിയതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് ചേംബര്‍ അംഗങ്ങളുടെ തീരുമാനം.
സൂപ്പർ സ്റ്റാർ മോഹൻലാലിൻറെ പിറന്നാൾ ദിനത്തിൽ ദൃശ്യം 2 വരുന്നുണ്ടെന്ന വിവരം അറിയിച്ചത് ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്ത്. മലയാളത്തിലെ പ്രഥമ 50 കോടി സിനിമകൂടിയാണ് മോഹൻലാൽ നായകനായ ക്രൈം ത്രില്ലർ ദൃശ്യം. ഒരുപാട് കുടുംബങ്ങളുടെ ജീവിതമാർഗമായ സിനിമാ വ്യവസായം കൊറോണ മൂലം നിർത്തിവെക്കേണ്ടി വന്നത് ഇപ്പോൾ വലിയ പ്രതിസന്ധിയാണ് സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്നത്.