കറാച്ചി: കൊറോണ പ്രതിസന്ധിക്കിടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് പാകിസ്താൻ ക്രിക്കറ്റ് ടീം. മൂന്നു വീതമുള്ള ടെസ്റ്റും ട്വന്റി-20യും കളിക്കാനായി പാക് ടീം ഇംഗ്ലണ്ടിലെത്തിക്കഴിഞ്ഞു. ജഴ്സിയിൽ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്റെ ലോഗോയുമായാണ് ഈ പരമ്പയിൽ പാക് ടീം കളിക്കാനിറങ്ങുന്നതെന്നു ഷാഹിദ് അഫ്രീദി ട്വിറ്ററിലൂടെ വ്യക്തമാക്കി.
പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ പങ്കാളികളെന്ന നിലയിൽ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്റെ ലോഗോ പാകിസ്താൻ ടീമിന്റെ പ്ലെയിങ് കിറ്റിൽ ഇടംപിടിക്കും. ഞങ്ങൾക്ക് നൽകുന്ന പിന്തുണയ്ക്ക് പിസിബി ഭാരവാഹികൾക്ക് നന്ദി അറിയിക്കുന്നു. ഇംഗ്ലണ്ട് പര്യടനത്തിൽ പാകിസ്താൻ ടീമിന് വിജയാശംസകൾ നേരുന്നു.’ അഫ്രീദി ട്വിറ്ററിൽ കുറിച്ചു.
കോവിഡ് കാരണം സ്പോൺസറെ കണ്ടെത്താനാകാതെ പാക്ക് ടീം പ്രതിസന്ധി നേരിടുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അതിനെതുടർന്നാണ് അഫ്രീദി ഫൗണ്ടേഷന്റെ ലോഗോ ഉപയോഗിക്കാൻ തീരുമാനമായതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. സ്പോൺസർമാരുമായി ചർച്ചകൾ നടത്തിയെങ്കിലും അവസാന നിമിഷം അവർ പിന്മാറിയത് പാക്ക് ടീമിന് തിരിച്ചടിയായി. ഇതോടെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് പി.സി.ബിയെ നയിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഓഗസ്റ്റ് അഞ്ചു മുതൽ മാഞ്ചസ്റ്റർ ഓൾഡ് ട്രാഫോഡിലാണ് ആദ്യ ടെസ്റ്റ് നടക്കുക.