ശ്വാസകോശത്തെ മാത്രമല്ല, വൃക്ക, കരൾ ഹൃദയമുൾപ്പെടെ എല്ലാ അവയവങ്ങളെയും തകരാറിലാക്കാൻ ശേഷിയുള്ളതാണ് കൊറോണ വൈറസെന്ന് പഠന റിപ്പോർട്ട്. തലച്ചോർ, നാഡീവ്യൂഹം, ത്വക്ക് തുടങ്ങിയവയൊക്കെയും വൈറസ് ബാധയുടെ പരിധിയിൽ വരുമെന്ന് കൊളംബിയ യൂനിവേഴ്സിറ്റി ഇർവിങ് മെഡിക്കൽ സെന്റർ സംഘം പറയുന്നു.
മനുഷ്യ ശരീരത്തിലെ ഓരോ അവയവത്തെയും നേരിട്ട് തകരാറിലാക്കാൻ ശേഷിയുള്ള വൈറസ് ബാധമൂലം രക്തം കട്ടപിടിക്കാനും ഹൃദയത്തിന് ശേഷി നഷ്ടപ്പെടാനും സാധ്യതയുണ്ട്. തലവേദന, തലചുറ്റൽ, പേശീവേദന, വയറുവേദന, വൃക്കകളിൽനിന്ന് രക്തമൊലിക്കൽ, ത്വക്കിൽ തിണർപ്പ് എന്നിവയുണ്ടാകുന്നു.
പനി, തൊണ്ടവേദന, ചുമ പോലുള്ള പതിവ് അടയാളങ്ങൾക്ക് പുറമെയാണിത്. നിരവധി രോഗികളിൽ നടത്തിയ പഠനത്തിനൊടുവിലാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നതു.