വാട്ട്സ്ആപ്പ് ചതികളിൽ യുവതികൾ അകപ്പെടാതിരിക്കാൻ ഉള്ള നിർദ്ദേശങ്ങൾ, ഗവൺമെന്റ് വഴിയും, സോഷ്യൽ മീഡിയ വഴിയും ഒക്കെ കിട്ടാറുള്ള ഈ കാലത്ത് അങ്ങനെയുള്ള ഒരു കെണിയിൽ ഇപ്പോൾ പെട്ടിരിക്കുന്നത് ഒരു യുവാവ് ആണ് എന്നതാണ് ശ്രദ്ധേയം.
ബെംഗളൂരു: വാട്സാപ്പിലെ വീഡിയോ കോൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിൽനിന്ന് പണം തട്ടിയതായി പരാതി. ബെംഗളൂരു വൈറ്റ്ഫീൽഡിൽ താമസിക്കുന്ന 26-കാരനാണ് ബെംഗളൂരു സൈബർക്രൈം പോലീസിൽ പരാതി നൽകിയത്. ഭീഷണിപ്പെടുത്തി 22,000 രൂപ തട്ടിയെടുത്തെന്നും പിന്നീട് കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് താൻ കംപ്ലയിന്റ് നൽകാൻ തയ്യാറായതെന്നും പരാതിയിൽ പറയുന്നു. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന യുവാവ് കഴിഞ്ഞമാസമാണ് വാട്സാപ്പ് വഴി ഒരു യുവതിയുമായി പരിചയത്തിലായത്. മലയാളിയാണെന്നും നിഷ എന്നാണ് പേരെന്നും ബെംഗളൂരുവിലെ കോൾസെന്ററിലാണ് താൻ ജോലി ചെയ്യുന്നത് എന്നാണ് യുവതി പറഞ്ഞത്. വാട്സാപ്പ് ചാറ്റിങ് ദിവസങ്ങൾ പിന്നിട്ടതോടെ യുവതി ലൈംഗികചുവയുള്ള സംഭാഷണങ്ങളിലേക്ക് കടന്നു. തുടർന്നാണ് നഗ്നനായി വീഡിയോ കോൾ ചെയ്യാൻ ആവശ്യപ്പെട്ടത്.
നഗ്നനായി വീഡിയോ കോൾ ചെയ്യാൻ ആദ്യം മടിച്ചെങ്കിലും യുവതി നിർബന്ധിക്കുകയായിരുന്നു. യുവതിയും നഗ്നയായി വീഡിയോ കോളിൽ വരാമെന്ന് പറഞ്ഞതോടെ ഇയാൾ സമ്മതിച്ചു. എന്നാൽ വീഡിയോ കോൾ തുടങ്ങി ഏതാനും മിനിറ്റുകൾ പിന്നിട്ടപ്പോൾ കോൾ കട്ട് ചെയ്തു. പിന്നീട് യുവതിയെ ബന്ധപ്പെട്ടപ്പോൾ പ്രതികരണമുണ്ടായില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ആയെന്നും പരാതിയിൽ പറയുന്നു.
അതിനു ശേഷം അപരിചിതനായ മറ്റൊരാൾ ഫോണിൽവിളിച്ച് ഭീഷണിപ്പെടുത്തിയത്. 50,000 രൂപ നൽകിയില്ലെങ്കിൽ വീഡിയോ കോൾ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇതോടെ യുവാവ് 22,000 രൂപ അയച്ചുനൽകി. എന്നാൽ കഴിഞ്ഞദിവസം വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെ പോലീസിനെ സമീപിക്കുകയായിരുന്നു.