Headlines

മാന്യരിൽ മാന്യനായ ജോൺ ഹോനായി -കുറിപ്പ് വൈറലാകുന്നു

വർഷങ്ങൾക്കു മുമ്പ് കണ്ട ‘ഇൻ ഹരിഹർ നഗർ’ എന്ന സിനിമ ഒരിക്കൽ കൂടി കാണാനിടയായി. അന്നു മുതൽ എന്നെ അലട്ടിക്കൊണ്ടിരുന്നൊരു ചോദ്യമാണ് ‘യഥാർത്ഥ കഥയിലെ നായകനായ ജോൺ ഹോനായ് പിന്നീടെങ്ങനെ വില്ലനായി..’ എന്നത്. ഇന്നതിനൊരുത്തരം ലഭിച്ചിരിക്കുന്നു. അതെ, ജോൺ ഹോനായിയുടെ പക്ഷത്തായിരുന്നു ന്യായമെന്ന് സമർത്ഥിക്കാൻ ഇപ്പോളെനിക്ക് സാധിക്കും. അതിനുവേണ്ടി ചില കാര്യങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.



👉ആരാണ് ജോൺ ഹോനായ്

തനിക്ക് വന്നുചേരേണ്ട സ്വത്തുക്കൾ അടങ്ങിയ ഒരു പെട്ടി കണ്ടെത്താൻ ബോംബെയിൽ നിന്നും കേരളത്തിലെത്തിയ ഒരു സാധാരണക്കാരനായിരുന്നു ജോൺ ഹോനായ്. ശരിയാണ്, അയാൾ വന്നത് ഒറ്റയ്ക്കല്ല. ജീവനിൽ കൊതിയുള്ളത് കൊണ്ടാകാം വ്യവസായിയായ ജോൺ ബോംബെയിൽ വെച്ചുതന്നെ ഏതാനും ആളുകളുടെ സഹായം തേടിയിരുന്നു. ആയതുകൊണ്ട് അയാൾ മോശക്കാരനാകുന്നില്ല. കാരണം ഇതുപോലുള്ള ആവിശ്യങ്ങൾക്ക് അപരിചിതമായ സ്ഥലത്തേക്ക് പോകുമ്പോൾ ഒരു ധൈര്യത്തിന് നാലുപേരെ ഒപ്പം കൂട്ടുന്നത് സ്വാഭാവികമാണ്.



അടിസ്ഥാനപരമായി ജോൺ ഹോനായ് പാവമാണ് കേരളത്തിൽ എത്തിയ ജോൺ അവിടെയുള്ള എല്ലാവരോടും എത്ര മാന്യമായിട്ടാണ് സംസാരിക്കുന്നതും പെരുമാറുന്നതും. ചിലരോടൊക്കെ ജോൺ മനസ്സ് നിറഞ്ഞു നന്ദി പറയുന്നുമുണ്ട്. മറ്റു ചിലരെ വെൽകം ചെയ്യുന്നതും കാണാം. മാത്രമല്ല, ഇൻഹരിഹർ നഗറിലെ നാലു ചെറുപ്പക്കാരോട് ഒരു ചെറിയ കള്ളം പറയേണ്ടി വന്നു എന്ന ഒരൊറ്റ കാരണം കൊണ്ട് അവിടെവെച്ചു തന്നെ ജോൺ ക്ഷമയും പറയുന്നുണ്ട്.



നോക്കൂ, ഒരു കള്ളം പറഞ്ഞതിനു വരെ ജോൺ ഹോനായ് മാപ്പ് പറഞ്ഞു കഴിഞ്ഞു. ഒരു കൊടും ഭീകരനായിരുന്നുവെങ്കിൽ അയാൾ അങ്ങനെയൊക്കെ ചെയ്യുമായിരുന്നോ..? യെസ്, ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്..

കൂടാതെ നല്ല വൃത്തി, വസ്ത്രധാരണം, സ്ത്രീകളോടുള്ള അയാളുടെ സമീപനം അതൊക്കെ എടുത്തു പറയേണ്ട കാര്യങ്ങളാണ്. ഹരിഹർ നഗറിലെ പിള്ളേരെയൊക്കെ വെച്ച് താരതമ്യം ചെയ്യുവാണെങ്കിൽ എല്ലാം തികഞ്ഞ ഒരു മാന്യൻ തന്നെയാണ് ജോൺ ഹോനായ് എന്ന് പറയേണ്ടി വരും. സാമൂഹ്യവിരുദ്ധരായ ആ നാലു ചെറുപ്പക്കാരെ ചോദ്യം ചെയ്യുമ്പോൾ തന്നെ വളരെ വികാരഭരിതനായ ജോണിനെയാണ് നമുക്ക് കാണാൻ കഴിയുന്നത്.



“എന്റെ പപ്പയെ പെരുവഴിയിലിട്ട് പട്ടിയെ കൊല്ലണപോലെ കൊന്നിട്ടാ അവന്മാരതും കൊണ്ട് ഇങ്ങോട്ട് പോന്നത്. അതിപ്പോൾ എവിടെയുണ്ടെന്ന് എനിക്ക് അറിയണം. ആരെ ഏൽപ്പിച്ചിട്ടുണ്ടെന്ന് എനിക്കറിയണം..” ഏറെക്കുറെ ഒരു കുലപുരുഷൻ തന്നെയാണ് ജോൺ. മറിച്ച് ഒരു കൊടും ക്രൂരനായിരുന്നെങ്കിൽ അപ്രകാരം സെന്റി അടിക്കേണ്ട ആവിശ്യം ഒന്നും അയാൾക്ക് വരില്ലല്ലോ. പ്രത്യേകിച്ച് എന്തിനും തയ്യാറായ ഒരു സംഘം കൂടെ ഉള്ളപ്പോൾ. അതാ ഞാൻ പറഞ്ഞത്, ബേസിക്കലി ജോൺ ഹോനായ് വെറുമൊരു സാധുവായിരുന്നെന്ന്.



👉ആഹാ.. അത്രക്ക് പാവമായിട്ടാണോ ഈ ഹോനായ് ആൻഡ്രൂസിനേയും സേതുവിനെയും കൊന്നത് എന്നല്ലേ ചിന്തിച്ചത്

ജോണിന്റെ വീട്ടിൽ കേറി അയാളെ കൊല്ലാൻ ശ്രമിച്ചപ്പോഴാണ് സേതു കൊല്ലപ്പെട്ടത്. പിന്നെ അത്‌ ചെയ്തത് ജോണല്ല, ജോണിന്റെ കൂടെയുള്ളവരാണ്. അതും ജോണിനെ രക്ഷിക്കാൻ വേണ്ടി മാത്രം. ബോംബെയിൽ വെച്ച് ആൻഡ്രൂസിന് സംഭവിച്ചതും മറിച്ചാകില്ലെന്ന് കരുതാം. മാത്രമല്ല ഈ ആൻഡ്രൂസ് തന്റെ അച്ഛനെ കൊന്ന ആളാണെന്ന് ജോണിന് അറിയാവുന്നതുമാണ്. അതുകൊണ്ട് തന്നെ അയാളെ രക്ഷിക്കാൻ ജോൺ ശ്രമിച്ചു കാണില്ല. അച്ഛനെ കൊന്നവനെ വെറുതെ വിടാൻ നിങ്ങളിൽ ആരെങ്കിലും തയ്യാറാകുമോ..! ഇല്ലാ എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾക്കും ജോണിനെ സപ്പോർട്ട് ചെയ്യേണ്ടിവരും.



👉ഇപ്പൊ നിങ്ങൾ ചിന്തിച്ചത് എന്താണെന്ന് മനസ്സിലായി.. അപ്പുക്കുട്ടന്റെ പല്ല് പറിച്ച കാര്യം അല്ലേ..?

ആളെ പൊട്ടനാക്കിയാൽ ആർക്കും ദേഷ്യം വരും. പിന്നെ അങ്ങനെ സംഭവിച്ചത് കൊണ്ടല്ലേ വെറും മണ്ടനായിരുന്ന അപ്പുക്കുട്ടന്റെ മണ്ടയിലൊരു ആശയം ഉദിച്ചതും ബിഡിഎസ്സിന് ചേർന്നതും പഠിച്ചു ഡെന്റൽ ഡോക്ടർ ആയതുമൊക്കെ. സംഭവാമി യുഗേ യുഗേ എന്നല്ലേ..! പിന്നെ തോമസുകുട്ടിയെ വെള്ളത്തിൽ മുക്കിയത്. ആഹാ.., അവൻ വെറും ഉടായിപ്പാണെന്ന് പിന്നീട് തെളിഞ്ഞില്ലേ. ഈ തോമസുകുട്ടിക്ക് കിട്ടിയതൊന്നും പോരാന്നേ ഞാൻ പറയൂ..

ഇതൊക്കെ ദഹിക്കണമെങ്കിൽ ആദ്യം നിങ്ങൾ ആൻഡ്രൂസിനെക്കുറിച്ച് അറിയണം. അയാളുടെ കാമുകി ആനി ഫിലിപ്പിനെ കുറിച്ചും അറിയണം.



👉ആൻഡ്രൂസ് അന്ന് പറഞ്ഞത് കള്ളം ആയിരുന്നെങ്കിലോ..??

സേതുമാധവൻ തന്റെ അമ്മക്കെഴുതിയ ഒരു കത്ത് സേതുവിന്റെ സഹോദരിയായ മായ ആൻഡ്രൂസിന്റെ അമ്മച്ചിയെ കാണിക്കുമ്പോഴാണ് അയാളെക്കുറിച്ച് ഒരു ധാരണ നമുക്ക് ലഭിക്കുന്നത്. വളരെ ശരിയാണ്, ആൻഡ്രൂസ് ബോംബെയിലേക്ക് തിരിച്ചു പോയത് കാശുണ്ടാക്കാൻ വേണ്ടി തന്നെയാണ്. തന്റെ അമ്മയെ പൊന്നു കൊണ്ട് മൂടാൻ, നോട്ടുകെട്ടുകൾ കൊണ്ട് തുലാഭാരം നടത്താൻ ഒരുങ്ങിയിറങ്ങിയവനായിരുന്നു ഈ ആൻഡ്രൂസ്. പക്ഷേ അധ്വാനിക്കാൻ ആൻഡ്രൂസിന് മടിയായിരുന്നു. എളുപ്പത്തിൽ പണം ഉണ്ടാക്കാൻ അയാൾ ശ്രമിച്ചു. മണിചെയിൻ വരെ നോക്കി. മണിചെയിൻ ചെയ്ത സമയത്ത് ആളെക്കൂട്ടാൻ വേണ്ടി പരിചയപ്പെട്ടതാണ് ഈ സേതുവിനെ. പക്ഷേ എന്ത് പറയാനാ എല്ലായിടത്തും ആൻഡ്രൂസ് പരാജയപ്പെട്ടു.



അങ്ങനെ ഇരിക്കുമ്പോഴാണ് തന്റെ പപ്പയുടെ അടുത്ത സുഹൃത്തായിരുന്ന പീറ്റർ ഹോനായ് നല്ല നിലയിൽ ജീവിക്കുന്ന കാര്യം ആൻഡ്രൂസ് അറിയുന്നത്. ആൻഡ്രൂസ് ഒരു നല്ല കഥ മെനഞ്ഞു. അത്‌ കാമുകി ആനി ഫിലിപ്പിനോടും പറഞ്ഞു (അന്ന് ആൻഡ്രൂസ് പറഞ്ഞ കഥയാണ് ആനി മായയോട് പറയുന്നത്). ആനി ജോസഫൈൻ ആയതിലും ദുരൂഹത ഉളവാക്കുന്നുണ്ട്. എന്റെ ഒരു നിഗമനത്തിൽ അവളും കള്ളിയാണ്. എല്ലാം ഒന്നടങ്ങിയ ശേഷം പെട്ടിയുമെടുത്ത് നടുവിട്ടു പോകാൻ തീരുമാനിച്ച ആനിക്ക് താൽക്കാലിക ഇടത്താവളം മാത്രമാണവിടം. പക്ഷേ ജോൺ ഹോനായ് തിരിച്ചുവന്ന വിവരം അറിഞ്ഞ ആനി ആ പെട്ടി തിരിച്ചു അമ്മച്ചിക്ക് തന്നെ കൊടുക്കുന്നു. അല്ലെങ്കിൽ തന്റെ മുഖംമൂടി അഴിഞ്ഞു വീഴുമെന്ന് ആനി കരുതിക്കാണും. അതേയ് എല്ലാം കൂടെ പറഞ്ഞാൽ ഇന്ന് തീരില്ല. കം റ്റു ദ പോയിന്റ്, അങ്ങനെ ആൻഡ്രൂസ് മ്യാരകമായ ഒരു പ്ലാനിലൂടെ പീറ്റർ ഹോനായിയെ തട്ടി. എന്നിട്ട് ആ പെട്ടി തട്ടിയെടുത്തു. (തുടക്കത്തിൽ നാം കാണുന്നത് ഇതാണ്)

കൊലപാതകം നടത്തിയതിന് ശേഷം പെട്ടിയെടുത്ത് മുങ്ങാൻ നോക്കിയ ആൻഡ്രൂസ് പിന്നീട് പ്ലാനിൽ മാറ്റം വരുത്തുന്നത് ജോൺ ഹോനായ് അയാളെ തേടി വന്നപ്പോൾ മാത്രമാണ്. അല്ലെങ്കിൽ സേതുവിനെപ്പോലും കാണാൻ നിൽക്കാതെ അടുത്ത വണ്ടി പിടിച്ചേനെ ഈ ആൻഡ്രൂസ്. സേതുവിനെക്കൊണ്ടുള്ള ആവിശ്യം ഇനിയും ഉണ്ടെന്ന് മനസ്സിലാക്കിയ ആൻഡ്രൂസ് സേതുവിന്റെ താമസസ്ഥലത്തേക്ക് കുതിക്കുന്നു. അവിടെ ചെന്ന് പുള്ളി ഗംഭീര ആക്ടിങ്. നാട്ടിലെ ഓണത്തിനും ക്രിസ്തുമസിനൊക്കെ നാടകം ചെയ്യാറുണ്ടായിരുന്ന ആൻഡ്രൂസിന് മണ്ടൻ സേതുവിനെ ഇതൊക്കെ വിശ്വസിപ്പിക്കാൻ ആ പ്രകടനം കൊണ്ട് മാത്രം സാധിച്ചിരിക്കും. ങാ..! കേട്ട പാതി കേൾക്കാത്ത പാതി ഇതിനൊക്കെ ഇറങ്ങിപ്പുറപ്പെട്ട സേതുവിനെ പറഞ്ഞാൽ മതിയല്ലോ. നഷ്ടം അയാൾക്കും അയാളുടെ കുടുംബത്തിനും മാത്രം.



👉എന്നാലും ആ അമ്മച്ചി പാവമല്ലേ..

ഏത്..! ആ തോക്ക് ഒക്കെയുള്ള അമ്മച്ചിയോ.. അങ്ങനെ ചിന്തിക്കല്ലേ കേട്ടോ. ആനിയുടെ കയ്യിൽ നിന്നും പെട്ടി വാങ്ങുമ്പോൾ അമ്മച്ചി അത്‌ ജോണിന് കൊടുക്കാൻ ആണെന്ന് പറഞ്ഞിരുന്നു. എന്നാൽ വീട്ടിൽ ചെന്ന് പെട്ടി തുറന്ന് അതിലുള്ള പൈസയും സ്വർണ്ണവും കണ്ടപ്പോൾ അമ്മച്ചിയുടെ കണ്ണും മഞ്ഞളിച്ചു. അവർ അത്‌ ജോണിന് കൊടുക്കേണ്ട എന്ന് തീരുമാനിക്കുന്നു. വീട്ടിൽ എത്തിയ ജോൺ തോക്ക് ചൂണ്ടി ആ പെട്ടിയിങ്ങ് തന്നേരെ എന്ന് പലവട്ടം പറഞ്ഞിട്ടും അമ്മച്ചി പെട്ടി കൊടുക്കുന്നില്ല. ജോണിന് വേണമെങ്കിൽ ഒറ്റ വെടിക്ക് തീർത്തിട്ട് പോകാമായിരുന്നു. എന്നാൽ പണ്ടത്തെ കഥയും പറഞ്ഞു വളരെ ഇമോഷണൽ ആയിട്ടാണ് ജോൺ സംസാരിച്ചത്. എന്നാൽ തന്ത്ര ശാലിയായ അമ്മച്ചി ആ നിമിഷം മുതലെടുത്ത് രക്ഷപ്പെടുന്നു. ഒടുവിൽ നിർഭാഗ്യവശാൽ പ്രിയപ്പെട്ട ജോൺ കൊല്ലപ്പെടുന്നു. ജോൺ നീതി ലഭിക്കാതെ മരിച്ച രക്തസാക്ഷികളിൽ ഒരാളാണ്..

ഇവിടെ ഗ്യാസ് പൊട്ടിത്തെറിച്ച് അമ്മച്ചി മരിക്കുകയും പെട്ടി ജോണിനു തന്നെ ലഭിക്കുകയും ചെയ്തിരുന്നെങ്കിൽ ഇതൊരു ഫീൽ ഗുഡ് മൂവി ആയേനെ..



തന്റെ പപ്പയെ കൊന്നവരോട് പ്രതികാരം തീർക്കാൻ ശ്രമിക്കുന്നതിന് പകരം തനിക്ക് നഷ്ടപ്പെട്ട പെട്ടി മാത്രം അന്വേഷിച്ചാണ് ജോൺ ഹോനായ് വന്നത്. അവിടെ നടന്ന മറ്റു പ്രശ്നങ്ങളൊക്കെ മറ്റുള്ളവർ ചേർന്ന് ഉണ്ടാക്കിയതാണ്. അതിലൊന്നും ജോണിന് പങ്കില്ല.

മൃദുല ഹൃദയനും വിനയാന്വിതനും ആതിഥ്യ മര്യാദ ഒരിക്കൽ പോലും തെറ്റാതെ കാത്തു സൂക്ഷിക്കുകയും ചെയ്ത ഒരു മനുഷ്യൻ, ഒരു പക്കാ ജന്റിൽ മാൻ. എളിമയുള്ള വാക്കുകളും വിനയം കൈവിടാത്ത പെരുമാറ്റവും ആത്മാർത്ഥത നിറഞ്ഞ ഇടപെടലുകളുമൊക്കെ തന്നെയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. പരിചയപ്പെട്ടവര്‍ക്കൊക്കെ ആ മനുഷ്യന്റെ നല്ല ഓര്‍മ്മകള്‍ എന്നും മനസ്സുകളില്‍ പച്ചയായി നിലനില്‍ക്കും. അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിനായി പ്രാര്‍ത്ഥിക്കാം..

വാൽകഷ്ണം : ജോൺ ഹോനായിയുടെ പെട്ടി ആയത് അവരുടെയൊക്കെ ഭാഗ്യം.
മറിച്ച് ജോൺ വിക്കിന്റെ പട്ടിയോ മറ്റോ ആയിരുന്നെങ്കിൽ ഹരിഹർ നഗറും അതിലെ സാമൂഹ്യവിരുദ്ധരായ ചെറുപ്പക്കാരും അമ്മച്ചിയുമൊക്കെ വെറുമൊരു ഓർമ്മ മാത്രമായേനെ..!



ജോൺ ഹോനായ് – ഒരു പൊളിച്ചെഴുത്ത്

Leave a Reply

Your email address will not be published. Required fields are marked *