മേശമേൽ കൈകളൂന്നി അയാൾ പതിയെ തലയൊന്നുയർത്തി. പതിഞ്ഞ ശബ്ദമെങ്കിലും ഒരു സിംഹത്തിന്റെ ഗർജ്ജനത്തോളം മുഴക്കത്തിൽ അയാൾ പറഞ്ഞു. “എനക്ക് ഇന്നൊരു പേരിറുക്ക് ” #ബാഷ അന്നും ഇന്നും ഒരേ ആവേശത്തോടെയാണ് സിനിമാപ്രേമികൾ ആ പേര് കേൾക്കുന്നത്. ബാഷയ്ക്കും മറ്റൊരു പേരുണ്ടായിരുന്നു. സൂപ്പർ സ്റ്റാർ രജനീകാന്ത് എന്ന പേരല്ല. ശിവാജി റാവു ഗെയ്ക്’വാദ് എന്ന പേര്.
അയാളുടെ ജീവിതം സിനിമാക്കഥയേക്കാൾ വെല്ലുന്ന ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു.
തമിഴ്നാട്-കർണ്ണാടക അതിർത്തിയിലേയ്ക്ക് കുടിയേറിയ മറാത്താകുടുംബാംഗം.
മദ്യത്തിനും മറ്റും കീഴ്പ്പെട്ടു പോയ ഒരുവൻ.. ശിവാജി…കുത്തഴിഞ്ഞ ജീവിതകാലത്തും സിനിമയെ ഭ്രാന്തമായി പ്രണയിച്ചിരുന്നു. കർണ്ണാടക ട്രാൻസ്പോർട്ടിലെ കണ്ടക്ടറായ ശിവാജി നാടകങ്ങളിൽ അഭിനയിച്ചാണ് അഭിനയത്തോടുള്ള ലഹരി നിലനിർത്തിയത്. ആയിടയ്ക്കാണ് ഒരു മെഡിക്കൽ സ്റ്റുഡന്റ് മാത്രമായിരുന്ന നിർമ്മല എന്നൊരുവൾ അത്രമേൽ പ്രിയപ്പെട്ടവളാവുന്നത്. ശിവാജിയുടെ ഒരു നാടകം കണ്ട നിർമ്മല അയാളിലെ നടനെ പ്രോത്സാഹിപ്പിച്ചു. അയാൾക്ക് അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടാൻ അപേക്ഷ തയ്യാറാക്കി നൽകിയത് അവളായിരുന്നു. അവിടെത്തുടങ്ങിയ യാത്ര അയാളെ സൂപ്പർ സ്റ്റാർ രജനികാന്തിലെത്തിച്ചു. അതിനിടെ അയാൾക്ക് നിർമ്മലയുടെ സൗഹൃദം നിർഭാഗ്യവശാൽ നഷ്ടപ്പെട്ടിരുന്നു. ഏറെക്കാലം തേടിയെങ്കിലും നിർമ്മലയെ കണ്ടെത്താൻ അയാൾക്ക് കഴിഞ്ഞില്ല… ഇന്നും അയാൾ തേടിക്കൊണ്ടിരിയ്ക്കുന്നു. സൂപ്പർ സ്റ്റാർ രജനികാന്തിനെ തന്റെ കോളേജ് മാഗസിനു വേണ്ടി ഇന്റർവ്യൂ ചെയ്യാൻ വന്ന ലത എന്ന പെൺകുട്ടിയിൽ തന്റെ ജീവിതത്തിലെ നായികയെ സൂപ്പർ സ്റ്റാർ കണ്ടെത്തി. എത്തിരാജ് വിമൻസ് കോളേജ് വിദ്യാർത്ഥിനി ലത രംഗാചാരി അങ്ങനെയാണ് ലത രജനികാന്തായി മാറിയത്. നവരസങ്ങൾ അഭിനയിച്ച് ഫലിപ്പിയ്ക്കുന്ന നടനവിസ്മയമൊന്നുമായിരുന്നില്ല അയാൾ.
പക്ഷെ , അയാൾക്ക് മാത്രം സാധിയ്ക്കുന്ന ചില വിദ്യകൾ കാട്ടി നമ്മെ വിസ്മയിപ്പിച്ചു. ഒരു സിഗററ്റ് വലിയ്ക്കുന്നതും… എന്തിന്… തന്റെ വിരൽ ചൂണ്ടുന്നതു പോലും അയാളെ ‘സ്റ്റൈൽ ഐക്കൺ’ ആക്കി. “നട്പ് ന്നാ എന്നാ ന്ന് തെരിയുമാ ദേവാ?” എന്ന് ദളപതിയിൽ ചോദിച്ച അയാൾ സൗഹൃദങ്ങളെ ജീവിതത്തിലും ചേർത്ത് പിടിച്ചു. തന്റെ പഴയകാല സുഹൃത്തുക്കൾക്ക് വേണ്ടി അയാൾ താൻ നായകനായ ഒരു സിനിമ നിർമ്മിച്ചിരുന്നു. സാധാരണ നായകനടൻമാരുടെ വെളുത്ത് തുടുത്ത നിറത്തിന് പകരം കറുത്ത് കരുവാളിച്ച നിറമായിരുന്നു അയാൾക്ക്. നായകസങ്കൽപ്പത്തിനാവശ്യമായ പുരുഷസൗന്ദര്യത്തിന്റെ അഴകളവുകൾ അയാൾക്കില്ലായിരുന്നു.പക്ഷെ, സുന്ദരിയായ നായിക ശോഭനയ്ക്കൊപ്പം അയാൾ വർഷങ്ങൾക്ക് മുൻപ് മണിരത്നത്തിന്റെ സൂര്യയായപ്പോൾ അഴകിൽ ഒരൽപ്പം പോലും കുറവ് തോന്നിയില്ല.
വർഷങ്ങൾക്കിപ്പുറം ശങ്കറിന്റെ വസീഗരനായി ലോകസുന്ദരിയ്ക്കൊപ്പം
ജോടി ചേർന്നപ്പോൾ അയാളുടെ സൗന്ദര്യത്തിൽ ഒട്ടും അപാകത തോന്നിയില്ല. അയാൾ ഒരേയൊരു സൂപ്പർ സ്റ്റാറായിരുന്നു. ഗുരുനാഥൻ K ബാലചന്ദറിനും മണിരത്നത്തിനും ഒപ്പം ചേർന്ന് മികച്ച സിനിമകൾ അയാൾ സൃഷ്ടിച്ചു. തമിഴ്നാടിന് ഏത് വൈകാരികാവസ്ഥയിലും മൂളാനുള്ള ഒട്ടേറെ ശീലുകൾ അയാൾ ഇളയരാജയ്ക്കും SPB യ്ക്കും യേശുദാസിനും ഒപ്പം ചേർന്ന് നമുക്ക് നൽകിയിരുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനകാലത്ത് അയാൾ പറയുമായിരുന്നു ഉറപ്പായും താനൊരു സൂപ്പർ സ്റ്റാറാകുമെന്ന് ഒരു ജോത്സ്യൻ ഗണിച്ചു പറഞ്ഞ വാക്കുകൾ പ്രചോദനമായപ്പോൾ ആത്മവിശ്വാസം അയാളെ ലക്ഷ്യത്തിലേയ്ക്ക് നയിച്ചു.