ആലപ്പുഴ: 5 വർഷത്തെ കണക്ക് പ്രകാരം ഏറ്റവും വില കുറവിലാണ് ഇപ്പോൾ ഏത്തപ്പഴവും ഓറഞ്ചും വിൽക്കുന്നത്. എന്നിട്ടും കച്ചവടം വളരെ മോശം തന്നെയെന്നതു കച്ചവടക്കാർക്ക് തിരിച്ചടിയാകുന്നു. കയറ്റുമതിയില്ല, ഉൽപാദനത്തിലെ വർദ്ധനവ് ഇതൊക്കെയാണ് കച്ചവടക്കുറവിനു കാരണമെന്നു കച്ചവടക്കാർ പറയുന്നു. 5 കിലോ ഏത്തപ്പഴം100 രൂപ. 3 കിലോ ഓറഞ്ച് 100 രൂപ എന്നീ നിരക്കുകളിലാണ് ഇപ്പോൾ തങ്ങൾ കച്ചവടം ചെയ്യുന്നത്. ജില്ലയിലെമ്പാടും ഇതേ വിലക്ക് തന്നെയാണ് എല്ലാവരും വിൽക്കുന്നതെന്നും, എന്നിട്ടും തങ്ങൾ പ്രതീക്ഷിച്ച കച്ചവടം കിട്ടാത്തതാണ് കച്ചവടക്കാരെ സമ്മർദ്ദത്തിലാക്കാൻ കാരണം. കൊറോണ സാഹചര്യത്തിൽ ഉണ്ടായ തൊഴിലില്ലായ്മയും ഇതിനു ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
എന്നാൽ ഗൾഫ് നാടുകളിൽ ആളുകൾ ഇതു വാങ്ങിക്കാതിരിക്കാനുള്ള കാരണം അവിടെ ഇതിനു ഭീമമായ വില ആയതു കൊണ്ടാണെന്നും, ഒരു കിലോ കിട്ടണമെങ്കിൽ 250 രൂപ മുകളിൽ വരുമെന്നും, അത് കൊണ്ട് പലരും ഫിലിപ്പൈൻസ്, ഇക്വഡോർ ആണ് വാങ്ങിക്കുന്നതെന്നും സമീപകാലത്തു ഗൾഫിൽ നിന്നും വന്ന നാട്ടുകാർ 24 ന്യൂസിനോട് പറഞ്ഞു. എന്തുകൊണ്ടാണ് ഇതു ഗൾഫിൽ എത്തുമ്പോൾ ഇത്ര വില കൂടുന്നതെന്നു മനസിലാവുന്നില്ലന്നും അവർ കുറ്റപ്പെടുത്തി.
എന്നാൽ ഏത്തപ്പഴവും മറ്റും സപ്ലൈക്കോയിൽ എത്തുന്നതും, വിറ്റഴിഞ്ഞു പോകുന്നതും വളരെ വേഗത്തിലാണെന്നും നാട്ടുകാരിൽ ചിലർ പറഞ്ഞു. ഏത്തപ്പഴത്തിന്റെ വില ഇത്രയും കുറഞ്ഞിട്ടും ഒരു കിലോ ചിപ്സിന്റെ വില 250 ൽ നിൽക്കുന്നതും അതെ 250 രൂപ കൊടുത്താൽ 12 കിലോ ഏത്തപ്പഴം കിട്ടും എന്നതും എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു.
മീൻ മാർക്കറ്റിലെയും സ്ഥിതിയും ഏകദേശം ഇതുപോലെ തന്നെയാണെന്നും ആവശ്യക്കാർ കുറയുന്നത് സാധാരണക്കാരുടെ ജീവിതത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ഏറെക്കുറെ ഉറപ്പായി.