തിരുവനന്തപുരം: ചിറയിൻകീഴ് കിഴുവിലം മുടപുരം ശിവകൃഷ്ണപുരത്തിനു സമീപം മാതാപിതാക്കളും മക്കളുമടങ്ങുന്ന നാലംഗ കുടുംബത്തെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വട്ടവിള വിളയിൽവീട്ടിൽ സുബി (51), ഭാര്യ ദീപകുമാരി(41), മക്കളായ അഖിൽ(17), ഹരിപ്രിയ(13) എന്നിവരെയാണു വീട്ടിലെ കിടപ്പുമുറികളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം നൽകിയ വളർത്തു നായയെ അവശനിലയിൽ കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ വൈകിട്ടാണു സംഭവം പുറംലോകമറിയുന്നത്. സന്ധ്യയ്ക്കു വെളിച്ചം കാണാത്താതിനെത്തുടർന്ന് വീട്ടിലന്വേഷിച്ചെത്തിയ സമീപവാസികൾ നടത്തിയ പരിശോധനയിലാണു ആത്മഹത്യ വിവരമറിയുന്നത്. കടം കൊണ്ടു നിൽക്കളിയില്ലെന്നും ജീവനൊടുക്കുകയാണെന്നുമുള്ള കത്തു പൊലീസിനു ലഭിച്ചു. ഗൾഫിൽ ജോലി ചെയ്തിരുന്ന സുബി ഒന്നരവർഷങ്ങൾക്കു മുൻപു ജോലി നഷ്ടപ്പെട്ടതിനെത്തുടർന്നു നാട്ടിലെത്തുകയായിരുന്നു. കൂന്തള്ളൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് അഖിൽ. ഹരിപ്രിയ ചിറയിൻകീഴ് പാലകുന്ന് ഗവൺമെന്റ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.
ആത്മഹത്യ നിങ്ങളുടെ ഒരു കാര്യങ്ങൾക്കും പരിഹാരമല്ല. അങ്ങനെയൊരു തോന്നൽ വന്നാൽ ഉടനെ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിനെ അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)