Headlines

മീശ പോലും മുളയ്ക്കാത്ത പയ്യൻ ആ ചൂണ്ടിയ കൈവിരൽ പോലീസുകാരുടെ നേർക്ക് മാത്രമല്ല, കേരളത്തിന്റെ മനസ്സാക്ഷിയുടെ ഉള്ളിലേക്ക് കൂടിയാണ്.

21 വയസ്സുകാരി മേയറിന്റെ സ്ഥാനാരോഹണം ആഘോഷമാക്കുന്ന തിരക്കിൽ ഇതെന്താ സംഭവം എന്നറിയാതെ പോയവർ അറിയുന്നതിന് വേണ്ടി സംഗതി എന്താന്ന് പറയാം.

സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാതെ.., കയറിക്കിടക്കാൻ ഇടമില്ലാതെ, പുറമ്പോക്കിൽ കുടിൽ കെട്ടി താമസിച്ച ഇൗ മോന്റെ കുടുംബത്തെ അവിടെ നിന്നും ഒഴിവാക്കി കിട്ടാൻ അയൽവാസി പണവും സ്വാധീനവും ഉപയോഗിച്ച് നേടിയെടുത്ത അനുകൂല വിധി നടപ്പിലാക്കി കൊടുക്കാൻ എത്തിയ പോലീസിന് മുന്നിൽ മാതാപിതാക്കൾ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.



അവിടുന്നിറങ്ങിയാൽ വേറെങ്ങോട്ടാ പോകേണ്ടതെന്നറിയാത്ത സാധുക്കൾ വേറെന്ത് ചെയ്യാൻ..? ആത്മഹത്യാ ശ്രമത്തിൽ നിന്നും പിന്തിരിപ്പിക്കാൻ പോലീസ് നടത്തിയ ശ്രമത്തിനൊടുവിൽ ആ മാതാപിതാക്കൾ തീഗോളമായി മാറി. അച്ഛൻ ആദ്യവും അമ്മ തൊട്ടു പിന്നാലെയും ഗതികേട് മാത്രം സമ്മാനിച്ച ഇൗ ലോകത്ത് നിന്നും യാത്രയായി. അച്ഛന്റെ അന്ത്യാഭിലാഷം പോലെ താമസിച്ച സ്ഥലത്ത് തന്നെ അടക്കം ചെയ്യാൻ ആരുടെയും സഹായം ലഭിക്കാതെ വന്നപ്പോൾ ഒറ്റയ്ക്ക് കുഴി വെട്ടിയത് തടയാൻ വന്ന പോലീസിന് നേരെയാണ് തീക്ഷ്ണത നിറഞ്ഞ വാക്കുകളും വിറയ്ക്കാത്ത കൈവിരലുകളും നീട്ടിക്കൊണ്ട് ഒരു കൊച്ചു പയ്യൻ നിൽക്കുന്നത്.

വേറെങ്ങുമല്ല. സാക്ഷര കേരളത്തിന്റെ തലസ്ഥാന നഗരിയിലാണ്.
കേരളത്തിന്റെ പൊതുബോധം ഉണരണം.



പ്രതികരിക്കണം… ഇലക്ഷൻ ഹാങ്ങോവർ മാറാതെ നടക്കുന്നവരെ അവരുടെ പാട്ടിന് വിടുക. ബാക്കിയുള്ളവർ ഇതൊന്ന് കാണണം, കൺ തുറന്നു കാണണം. ഏക്കർ കണക്കിന് വസ്തു ഉള്ളവൻ സർക്കാര് ഭൂമി വെട്ടിപ്പിടിച്ച് കൈവശം വെച്ച് സുഖിച്ചാൽ കുറച്ച് നാൾ കഴിയുമ്പോൾ അതും കൂടി അവന്റെതായി മാറും. ഇല്ലേൽ മാറ്റും !

സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാതെ കയറിക്കിടക്കാൻ ഇടമില്ലാതെ ഏതെങ്കിലും സാധുക്കൾ ഷെഡ് കെട്ടി താമസിക്കുന്നത് കണ്ടാൽ അപ്പോ സർക്കാര് ഭൂമി കണ്ടുകെട്ടൽ, കുടിയൊഴിപ്പിക്കൽ. ഇങ്ങനെ കണ്ടുകെട്ടിയിട്ട്‌ എന്തിനാണ്..?



കണ്ട കുരിശ് കൃഷിക്കാരനും അമ്പലക്കമ്മറ്റിയും പള്ളിക്കാരും ഒക്കെ കയ്യേറി ആരാധനാലയങ്ങൾ പണിയാനോ..?
അതോ ഏതെങ്കിലും രാഷ്ട്രീയക്കാരനോ കുത്തക മുതലാളിക്കോ വ്യാജ പട്ടയങ്ങൾ ചമച്ച് സ്വന്തമാക്കി അനുഭവിക്കാനോ..?

കാശുള്ളവന്റെ മുന്നിൽ പോയി അവർ പറയുന്ന മോഡലിലൊക്കെ കുനിഞ്ഞും ചെരിഞ്ഞും നിന്ന് കൊടുക്കുന്ന 3Gയ നിയമങ്ങളും ഉദ്യോഗസ്ഥരും മാറാതെ ഇൗ നാട്ടിൽ സാധാരണക്കാരന് ഒരിക്കലും ആശ്വാസം കിട്ടില്ല.



ഏക്കറു കണക്കിന് വസ്തു ഉള്ളതിന്റെ കൂടെ പിന്നെയും പുറമ്പോക്ക് ഭൂമി വെട്ടിപ്പിടിച്ച് കൈവശം വച്ചിരിക്കുന്ന ഒരുപാട് മുതലാളിമാരെ കാണിച്ച് തരാം. ഒരുത്തനെതിരെയെങ്കിലും ഇപ്പോ കാണിച്ചതിന്റെ പകുതി ആവേശവും ശുഷ്കാന്തിയും കാണിക്കാൻ കുടുക്കയ്ക്ക്‌ ഉറപ്പുണ്ടോ ഉത്തരവാദിത്വപ്പെട്ട വകുപ്പുകൾക്ക്..?

സാധാരണക്കാരന് സാന്ത്വനമേകുന്ന നിയമവും നിയമപാലകരും. ഏതെങ്കിലും ജന്മത്തിൽ കാണാൻ സാധിക്കുമോ അങ്ങനൊന്ന്..?



എന്ന് നന്നാവും നമ്മുടെ നാട്
ഇവിടെ എന്തിനെല്ലാം വേണ്ടി നമ്മൾ കൈകൾ ഉയർത്തുന്നു.
ഇനി എന്നാണ് നമുക്ക് ഒരു പൊതു ബോധം ( മനുഷ്യത്വം ) എന്ന ഒന്നുണ്ടാവുക.
നാണിക്കുക മനുഷ്യ നീ നീ യായതിന്.

Leave a Reply

Your email address will not be published. Required fields are marked *