ഇന്ത്യയിൽ ആരാധകരുള്ള വിദേശ താരങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിന്റെ മുൻപന്തിയിൽ കാണുന്ന ഒരു പേരാണ് ഷാഹിദ് അഫ്രിദി. സച്ചിൻ തെണ്ടുക്കർ, സേവാഗ്, യുവരാജ്, ഹർഭജൻ, കോഹ്ലി എന്നിവരുമായി അടുത്ത ബന്ധം പുലർത്തുന്ന പാക്ക് താരം എന്ന പ്രത്യേകതയും അഫ്രിദിക്കുണ്ട്. അതെ സമയം ഗംഭീറും ആയുള്ള ആഫ്രിദിയുടെ വാക്പോരുകളും ശ്രദ്ധേയമാണ്. T20 യുഗത്തിനും രണ്ടു പതിറ്റാണ്ടുകൾക്ക് മുന്നേ വെടികെട്ട് ബാറ്റിങ്ങിലൂടെ ശ്രദ്ധ നേടിയ താരമായിരുന്നു അഫ്രിഡി. സ്ഥിരതയില്ലാത്ത ബാറ്റിംഗിലും എങ്ങനെ ഇത്രയും വർഷം ടീമിൽ ആഫ്രിദി തന്റെ സ്ഥാനം നിലനിർത്തി എന്ന ചോദ്യത്തിനുള്ള കൃത്യമായ ഉത്തരമാണ് ധനീഷ് ദമോധരൻ എന്ന ആരാധകൻ ഈ കുറിപ്പിലൂടെ വിവരിക്കുന്നത്. കുറിപ്പ് ഇപ്രകാരം
മൊഹമ്മദ് ഷാഹിദ് ഖാൻ അഫ്രീദി പിടി കിട്ടാത്ത സമസ്യയാണ്. അത് അയാളുടെ പ്രായത്തിൻ്റെ കാര്യത്തിലായാലും 22 യാർഡിലെ അയാളുടെ ബാറ്റിംഗ് ശൈലിയിലായാം. ഒരൊറ്റ കാര്യത്തിൽ മാത്രമായിരുന്നു അയാൾ സ്ഥിരത പുലർത്തിയിരുന്നത്. അസ്ഥിരതയിൽ. അന്താരാഷ്ട്ര ക്രിക്കറ്റിൽ അഫ്രിദി 7000 ഏകദിന റൺസ് തികക്കുമ്പോൾ ആ പട്ടികയിൽ 34 പേരുണ്ടായിരുന്നു. അക്കൂട്ടത്തിൽ 33 പേരെക്കാളും ഏറ്റവുമധികം ഇന്നിങ്ങ്സുകൾ കളിക്കേണ്ടി വന്ന അയാൾ ആ പട്ടികയിലെ ഏറ്റവും മെല്ലെപ്പോക്കുകാരൻ ആയിരുന്നു. എന്നാൽ മറ്റു 33 മഹാൻമാരെക്കാളും ബോളർമാർ ഭയപ്പെട്ടത് അയാൾ ക്രീസിൽ നിൽക്കുന്ന ഓരോ നിമിഷത്തിലും ആയിരുന്നുവെന്നത് ഒരു വിരോധാഭാസമായി തോന്നിയേക്കാം.
316 ഇന്നിങ്സുകൾ കളിച്ച് 7000 റൺസ് തികച്ച അഫിഡി കരിയറിൽ ആകെ 398 ഏകദിനമത്സരങ്ങൾ കളിച്ചു നേടിയത് 8064 റൺസ് മാത്രമായിരുന്നു. 23.5 എന്ന ശരാശരിയിലും എത്രയോ താണ ആവറേജ് മാത്രം ഉണ്ടായിരുന്ന അയാൾ ഏകദിനത്തിൽ 6 സെഞ്ച്വറികളും 39 ഫിഫ്റ്റികളും നേടിയിട്ടും കരിയറിൽ ഒരിക്കൽപോലും 100 പന്തുകൾ പോലും തികച്ചും നേരിട്ടിട്ടില്ല എന്നത് മറ്റൊരു വലിയ അതിശയകരമായ വസ്തുതതയും. ആദ്യ പന്തിൽ തന്നെ സ്റ്റേഡിയത്തെ ലക്ഷ്യമാക്കി പന്തിനെ പറത്താൻ മടിയില്ലാത്ത അഫ്രിദി എത്ര സമയം ക്രീസിൽ ൽ ഉണ്ടാകും എന്നതിനെപ്പറ്റി യാതൊരു ഉറപ്പും ഇല്ലാഞ്ഞിട്ടും അയാൾ നിൽക്കുന്ന ഓരോ സമയവും പന്തെറിയാൻ ബൗളർമാർക്ക് ഭീതിയായിരുന്നു. ഫാസ്റ്റ് ബോളറെ പോലും പിച്ചിനെ മധ്യത്തിലേക്ക് ഓടിക്കയറി പന്തിനെ പ്രഹരിക്കുന്ന അപൂർവ്വ ജൻമം പക്ഷേ തൻറെ കരിയറിലുടനീളം തനതായ ശൈലിയിൽ വെള്ളം ചേർക്കാതെ തന്നിഷ്ടപ്രകാരം ബാറ്റ് വീശിയതിന് പ്രധാന കാരണം തൻ്റെ ബൗളിംഗ് കൊണ്ട് മാത്രം ലോകത്തിലെ ഏത് ടീമിലും സ്ഥാനം ഉറപ്പിക്കാമെന്ന ആത്മവിശ്വാസവും കൂടിയായിരിക്കാം. ഏകദിന ക്രിക്കറ്റിൽ ഒരു മാച്ചിലെ ഏറ്റവും മികച്ച പ്രകടനമെന്ന നേട്ടത്തിൽ അഫ്രിഡിക്ക് മുന്നിൽ ചാമിന്ദ വാസ് മാത്രമാണുള്ളത്.
മഹാരഥൻമാരായ സ്പിന്നർമാർ അരങ്ങു വാണ ഏകദിന ചരിത്രത്തിൽ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം അഫ്രിദിയുടെ 7/12 ആണ്. ലോക കപ്പ് മത്സരങ്ങളിൽ ഒരു ക്യാപ്റ്റന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തിനുടമയും മറ്റാരുമല്ല. 9 തവണ ഏകദിന ക്രിക്കറ്റിൽ 5 വിക്കറ്റ് നേട്ടം കൈവരിച്ച ഒരാളുടെ ബൗളിങ് മികവ് ചോദ്യം ചെയ്യാനാകാത്തതു തന്നെയാണ്.
ഏകദിന ക്രിക്കറ്റിൽ 395 വിക്കറ്റുകൾ നേടിയ ഒരാൾ തൻ്റെ ബാറ്റിംഗ് ശൈലിയിലെ അസ്ഥിരത വിളിച്ചുപറയുന്ന 29 ഡക്കുകൾക്കിടയിലും തലയുയർത്തി നിൽക്കുന്നത് ഏതു സാഹചര്യത്തിലും എത്ര വലിയ ചേസും നടത്താൻ കഴിവുള്ളവനാണ് എന്ന ലേബലും എതിരാളികളിൽ ഭീതി ജനിപ്പിക്കുന്നതും കൊണ്ടു തന്നെയാണ്. ബാറ്റെടുത്ത ആദ്യ മാച്ചിലെ നേരിട്ട രണ്ടാം പന്ത് തന്നെ ഗാലറിയിൽ എത്തിക്കുമ്പോൾ 1994/95 സീസണിൽ ക്വെയ്ദ് ഇ അസം ട്രോഫിയിൽ 42 വിക്കറ്റുകൾ നേടി പരിക്കേറ്റ മുഷ്താഖ് അഹമ്മദിനു പകരം ടീമിലെത്തിയ ഒരു ലെഗ് സ്പിന്നറുടെ പിഞ്ച് ഹിറ്റർ റോളിലെ താൽക്കാലിക പ്രകടനം മാത്രമായി കണ്ട സകലരും പിന്നീട് നിരന്തരം ഞെട്ടിക്കൊണ്ടേയിരുന്നു. വീണ്ടും 10 തവണ കൂടി പന്തിനെ ഗാലറിയിലെത്തിച്ച് സംഹാരതാണ്ഡവമാടിയ വെറും 16 വയസുകാരൻ്റെ (?? ) കൈക്കരുത്തിൽ 102 റൺ സൃഷ്ടിക്കപ്പെട്ടപ്പോൾ 17 സ്കോറിംഗ് ഷോട്ടുകളിൽ നിന്നു മാത്രമായി പിറന്നത് 90 റൺസ് ആയിരുന്നു. 11 സിക്സർ, 9 ഫോറുകൾ. 100 പന്തിൽ നിന്നു പോലും സെഞ്ചുറി പൂർത്തീകരിക്കാൻ ബാറ്റ്സ്മാൻമാർ ബുദ്ധിമുട്ടുന്ന കാലഘട്ടത്തിൽ സ്വപ്നങ്ങൾക്ക് പോലും നിരക്കാത്ത ഒരു സെഞ്ചുറി പ്രകടനം. വെറും 37 പന്തുകളിൽനിന്ന്. തൻ്റെ 5 ആം ഏകദിനത്തിൽ സിംബാബ് വെക്കെതിരെ 37 പന്തിൽ നിന്ന് 66 റൺസ് കൂടി നേടിയതോടെ ഒരു പുതുമുഖ സ്പിന്നറിൽ ലോകം മുഴുവൻ ഭയക്കുന്ന ഒരു വെടിക്കെട്ടുകാരനിലേക്കായിരുന്നു അയാളുടെ പരകായപ്രവേശം. എന്നാൽ ചില ഒറ്റപ്പെട്ട പ്രകടനങ്ങൾ മാറ്റി നിർത്തിയാൽ നിറംമങ്ങിയതോടെ ഒടുവിൽ ടീമിന് പുറത്തേക്ക് പോകും എന്ന് തോന്നിപ്പിച്ച സമയത്തായിരുന്നു ഇന്ത്യക്കെതിരായ സഹാറ കപ്പിലെ രണ്ടാമത്തെ മാച്ചിൽ 49 പന്തിൽ നേടിയ 56 റൺസും നാലാമത്തെ മത്സരത്തിൽ 94 പന്തിൽ നിന്നും നേടിയ109 റൺസും അയാളെ പാക് ടീമിലെ സ്ഥിര സാന്നിധ്യമാക്കിയത്. 1999 ഇന്ത്യക്കെതിരെ റാവൽപിണ്ടിയിൽ 58 പന്തിൽ നേടിയ 80, 2003 ൽ ആസ്ട്രേലിയക്കെതിരെ 26 പന്തിൽ നിന്ന് പുറത്താകാതെ നേടിയ 56 റൺസ്, 2005 ൽ ഇന്ത്യക്കെതിരെ തുടർച്ചയായ മത്സരങ്ങളിൽ നേടിയ 23 പന്തിൽ 40 കാൺപൂരിൽ 45 പന്തിൽ നിന്നും നേടിയ അക്കാലത്തെ ഏറ്റവും വേഗതയാർന്ന രണ്ടാമത്തെ സെഞ്ചുറി, 23 മുന്നിൽ നിന്നും നേടിയ 44 റൺസ്. 2005 ൽ സൗത്താഫ്രിക്കക്കെതിരെ 35 പന്തിൽ പുറത്താകാതെ നേടിയ 77 റൺസ്. രണ്ടു മാച്ചുകൾക്ക് ശേഷം ലങ്കക്കെതിരെ 34 പന്തുകളിൽ പുറത്താകാതെ നേടിയ 79 റൺസ് തുടങ്ങിയ ഇന്നിങ്ങ്സുകളൊന്നും ഓർമ്മയിൽ നിന്നും മായില്ല. നല്ല കാലം കഴിഞ്ഞു എന്ന് തോന്നിച്ച നിമിഷങ്ങളിൽ 2010 ൽ ശ്രീലങ്കക്കെതിരെ 76 പന്തിൽ നിന്നും നേടിയ 109 റൺസും ഒരു മത്സരത്തിനു ശേഷം ബംഗ്ലാദേശിനെതിരെ 60 പന്തിൽ നേടിയ 124 റൺസും അഫ്രിഡിയുടെ ആരാധകരെ വീണ്ടും അയാളിലേക്കാകർച്ചു.
ആദ്യ മാച്ചിൽ ബാറ്റിംഗിന് അവസരം കിട്ടിയില്ലെങ്കിലും 10 ഓവറിൽ 32 റൺസ് മാത്രം വഴങ്ങിയ അഫ്രിഡി രണ്ടാം ഏകദിനത്തിൽ ബാറ്റിംഗ് സംഹാരതാണ്ഡവം തീർത്ത കളിയിലും ശ്രീലങ്കയ്ക്കെതിരെ പന്തെറിഞ്ഞ് ലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗയെ വീഴ്ത്തി കന്നി വിക്കറ്റ് നേടുമ്പോൾ വഴങ്ങിയത് 43 മാത്രമായിരുന്നു. 66 ഏകദിന മത്സരങ്ങൾക്ക് ശേഷം ടെസ്റ്റ് ടീമിലേക്ക് ഒരു വിളി വരുമ്പോഴും അയാളുടെ ബാറ്റിംഗ് ടെസ്റ്റിന് അനുയോജ്യമാണോ എന്ന സംശയം പലഭാഗത്തുനിന്നും ഉയർന്നിരുന്നു. ആദ്യമത്സരത്തിൽ പ്രതീക്ഷകൾക്ക് വിപരീതമായി അയാൾ ബാളിങ്ങിലാണ് തിളങ്ങിയത്.
1998 ൽ ഓസ്ട്രേലിയക്കെതിരെ 23.3 6- 82-5 ആയിരുന്നു ആ മികച്ച പ്രകടനം. Dhanam Cric ടെസ്റ്റ് അരങ്ങേറ്റത്തിൽ 5 വിക്കറ്റ് നേട്ടം കൈവരിച്ച അപൂർവ്വ ബഹുമതി നേടിയ മാച്ചിൽ വോ സഹോദരൻമാരും ലേമാനും അടക്കം അയാളുടെ ഇരയായി. രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ എം എ ചിദംബരം സ്റ്റേഡിയത്തിൽ 191 പന്തിൽ നിന്നും നേടിയ 141 റൺസ് ഒരിക്കലും അഫ്രിഡി യെ പോലൊരാളിൽ നിന്നും പ്രതീക്ഷിക്കുന്നതായിരുന്നില്ല. ഇന്ത്യൻ ബൗളർമാരെ എന്നും ഇഷ്ടപ്പെട്ടിരുന്ന അഫ്രിഡി 2006 ൽ ഇഖ്ബാൽ സ്റ്റേഡിയത്തിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കെതിരെ 156 റൺ കുറിച്ചപ്പോൾ നേരിട്ടത് വെറും 128 പന്തുകൾ മാത്രമായിരുന്നു. 2007 ലെ കുട്ടിക്രിക്കറ്റ് ഫോർമാറ്റിലെ ആദ്യ ലോകകപ്പിൽ ഇന്ത്യ ജയിച്ച ടൂർണമെൻ്റിലെ മാൻ ഓഫ് ദ ടൂർണമെൻ്റ് ആയത് T20 ക്ക് ഏറ്റവും അനുയോജ്യനായ അഫ്രിഡി ആയിരുന്നു എന്നത് ചരിത്രത്തിൻ്റെ നീതിയാകാം. യുവരാജ് സിങ് മാസ്മരിക പ്രകടനങ്ങൾ തീർത്ത ടൂർണമെൻ്റിലെ ഫൈനലിൽ മിസ്ബയുടെ ഒരു നിമിഷത്തെ പിഴവ് ഇല്ലായിരുന്നെങ്കിൽ ആ ടൂർണമെൻറ് അഫ്രിഡിയുടെ പേരിൽ അറിയപ്പെടുമായിരുന്നു. രണ്ടുവർഷം കഴിഞ്ഞ് പാകിസ്ഥാൻ ഏറെ വൈകി 2009 ൽ ഒരു ഐസിസി ലോകകപ്പ് നേടുമ്പോൾ സെമിഫൈനലിലും ഫൈനലിലും ഹീറോ ആയ അഫ്രിഡി പാകിസ്ഥാനിലെ ഏറ്റവും ആഘോഷിക്കപ്പെട്ട കളിക്കാരനായിരുന്നു. ഒരേ ഏകദിനമാച്ചിൽ അമ്പതിലധികം റൺസും അഞ്ചു വിക്കറ്റും 3 തവണ നേടിയ മറ്റൊരാളെ ക്രിക്കറ്റ് ചരിത്രത്തിൽ കാണാനാകില്ല. ജാക്വസ് കാലിസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 10000 റൺസും 500 വിക്കറ്റുകളും നേടിയതിനു ശേഷം ആ വലിയ ബഹുമതിയിലെത്തിയതും മറ്റാരുമല്ല.
ഏകദിന ക്രിക്കറ്റിൽ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറിയുടെ സൂക്ഷിപ്പുകാരനായ അഫ്രിഡി മാൻ ഓഫ് ദ മാച്ച് ആയ 32 മാച്ചുകളിൽ 31 ലും പാകിസ്ഥാൻ വിജയം കണ്ടു. കുട്ടിക്രിക്കറ്റിൻ്റെ പുതിയ ആവിഷ്കാരമായ T10 ക്രിക്കറ്റിൽ ഹാട്രിക് നേടിയ ഒരേയൊരു ബൗളറും അഫ്രിഡി തന്നെ. ബാറ്റ് കൊണ്ട് വെടിക്കെട്ട് കളുടെ പ്രകമ്പനം തീർത്തും വിക്കറ്റുകൾ വീഴ്ത്തുമ്പോൾ ഇരു കൈകളും വിരലുകളും ആകാശത്തിലേക്ക് ഉയർത്തി ആഘോഷിക്കുകയും ചെയ്യുന്ന അഫ്രിഡി ആ കാലഘട്ടത്തിലെ ഐക്കോണിക് ഫിഗർ കൂടിയായിരുന്നു. ലോകമെമ്പാടും തൻറെ വേറിട്ട ശൈലി കൊണ്ട് ആരാധകരെ സൃഷ്ടിച്ച അഫ്രിഡിയുടെ പേര് ലോക ക്രിക്കറ്റിൽ ഒരു വ്യത്യസ്തതയോടെ നിലനിൽക്കും. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗ് വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ 43 പന്തിൽ 88 അടിച്ച മത്സരത്തിൽ മക്ലാറൻ്റെ പന്തിനെ 158 മീറ്റർ കടത്തിയ സിക്സറിനു പിറകിലെ കൈക്കരുത്തിനെ എങ്ങനെ വിശേഷിപ്പിക്കും ? 90 കളിൽ പടർന്നു പന്തലിച്ച ക്രിക്കറ്റിനെ അടുത്ത കാലഘട്ടത്തെ ആഘോഷമാക്കിയതിൻ്റെ പിറകിലെ ഒരു പങ്ക് അഫ്രിഡിക്കും അവകാശപ്പെടാം.1997 മുതൽ 2003 വരെ സയ്യിദ് അൻവർക്കൊപ്പം ഓപ്പണറായി ഇറങ്ങിയിരുന്ന അഫ്രിഡി ഗാലറിയെ ത്രസിപ്പിക്കുന്ന ക്രിക്കറ്റിലാണ് വിശ്വസിച്ചിരുന്നത്. T 20 ക്രിക്കറ്റ് അയാളുടെ പ്രതാപകാലത്ത് ഉത്ഭവിച്ചിരുന്നുവെങ്കിൽ അയാൾ നേരിടുന്ന 20- 30 പന്തുകൾ എത്രയോ മത്സരങ്ങളുടെ ഗതി തന്നെ മാറ്റിയേനെ.
അഫ്രിഡി പരിമിത ഓവർ ക്രിക്കറ്റിലെ ഒരു മഹാൻ അല്ലെങ്കിൽ വിപ്ളവകാരിയാണ് എന്ന് വിശേഷിപ്പിക്കുമ്പോൾ അതിനെ പരിഹസിച്ച് ഊറിച്ചിരിക്കുന്നവരുണ്ടാകാം. പക്ഷെ ഇന്ത്യ, ആസ്ട്രേലിയ, വെസ്റ്റ് ഇൻഡീസ്, ഇംഗ്ളണ്ട്, ദക്ഷിണാഫ്രിക്ക, ബംഗ്ളാദേശ്, സിംബാബ്‍വെ തുടങ്ങിയ ടീമുകളിലെ ഒരൊറ്റ ബൗളർമാർക്കു പോലും ഏകദിന ക്രിക്കറ്റിലെ അഫ്രിഡിയുടെ 395 വിക്കറ്റുകൾ എന്ന നേട്ടമില്ല എന്ന കണക്കുകൾ നിരത്തുമ്പോൾ പരിഹസിക്കുന്നവർ ന്യായീകരിക്കാൻ വിഷമിച്ച് വിയർക്കേണ്ടി വരും. ഒപ്പം 8604 എന്ന ബാറ്റിങ്ങിലെ ബോണസ് റൺസുകളുടെ കണക്കുകൾ കൂടി കൂട്ടിച്ചേർത്താൽ കുറഞ്ഞ പക്ഷം അയാളെ അംഗീകരിക്കുകയെങ്കിലും ചെയ്യാൻ നിർബന്ധതിരാകേണ്ടി വന്നേക്കാം.
എഴുതിയത് Dhanesh Damodaran