ബിറ്റ്‌കോയിനെ നിയമപരമായ കറൻസിയായി അംഗീകരിച്ച് മധ്യ അമേരിക്കന്‍ രാജ്യമായ എൽ സാൽവദോർ. ഇതോടെ രാജ്യത്തെ ഏതൊരു പൗരനും ബിറ്റ്കോയിൻ വാങ്ങാനും ഇടപാട് നടത്താനും സാധിക്കും. പ്രഖ്യാപനം വന്നതിന് പിന്നാലെ ക്രിപ്റ്റോ വിപണിയിൽ ഇടിവ് അനുഭവപ്പെട്ടു. എൽ സാൽവദോറിന്റെ ഈ നീക്കം ഗൗരവപരമായ ചില ആശങ്കകൾ ഉയർത്തുന്നു. എൽ സാൽവദോർ ബിറ്റ്കോയിൻ ലീഗലാക്കിയതിന് പിന്നാലെ ക്രിപ്പ്റ്റോ വിപണി ഇടിഞ്ഞതിന്റെ കാരണവും ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കും, മാറ്റു രാജ്യങ്ങളിൽ ഇത് സാധ്യമാണോ എന്നുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്.
എൽ സാൽവദോറയുടെ പ്രഖ്യാപനവും ക്രിപ്റ്റോ തകർച്ചയും
2021 സെപ്റ്റംബർ 7നാണ് എൽ സാൽവദോർ ബിറ്റ്കോയിന് അംഗീകാരം നൽകിയത്. 2021 ജൂണിൽ പ്രഖ്യാപനം നടത്തിയപ്പോൾ തന്നെ ഈ പതനം മുൻകൂട്ടികണ്ടിരുന്നു. തീരുമാനം അന്തിമമായതോടെ ക്രിപ്റ്റോ വിപണി ഇടിഞ്ഞു. ചൊവ്വാഴ്ച 52000 ഡോളറിൽ നിന്നിരുന്ന ബിറ്റ്കോയിൻ ദിവസങ്ങളോളം നീണ്ടുനിന്ന Bull Run നു ശേഷം 11 ശതമാനം താഴെയായി. അതേസമയം ബിറ്റ്കോയിന്റെ താഴെ നിൽക്കുന്ന ഇതേറിയം 10 ശതമാനവും, കാർഡാനോ 11 ശതമാനവും, എക്സ് ആർ പി റിപ്പിൾ 17 ശതമാനവും ഡോഗ് കോയിൻ 15 ശതമാനവും ഇടിഞ്ഞു.
ക്രിപ്പ്റ്റോകറൻസികൾ എല്ലാം തന്നെ താഴേക്ക് വീണപ്പോഴും ഒന്ന് മാത്രം പിടിച്ചു നിന്നു. സോളാന എന്ന ക്രിപ്പ്റ്റോകറൻസി പ്രഖ്യാപനത്തിന് ശേഷം 5 ശതമാനം ഉയർന്നു. കഴിഞ്ഞ 30 ദിവസമായി 400 ശതമാനത്തിന്റെ നേട്ടമാണ് സോളാന കാഴ്ചവച്ചത്. ഇതേറിയത്തിന് സമാനമായി 400-ലധികം പ്രോജക്ടുകളുള്ള ക്രിപ്‌റ്റോ അധിഷ്‌ഠിത ഉത്പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ബ്ലോക്ക്‌ചെയിൻ ശൃംഖലയാണ് സോളാന.
ബിറ്റ്കോയിൻ നിയമവിധേയമാക്കാനുള്ള എൽ സാൽവദോർ തീരുമാനം അന്തിമമായി പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ് തന്നെ സോഷ്യൽ മീഡിയ തകർച്ച പ്രതീക്ഷിച്ചിരുന്നു. അമിത വിലയിൽ നിലനിന്നിരുന്ന ക്രിപ്പ്റ്റോ വിപണിയിൽ നിന്നും ആളുകൾ ലാഭം ബുക്ക് ചെയ്തതാണ് വിപണി ഇടിയാൻ കാരണമായത്. കൂടാതെ രാജ്യത്ത് ഈ സംവിധാനം നടപ്പിലാക്കുന്നതിൽ അനിശ്ചിതത്വം ഉടലെടുത്തു. പ്രഖ്യാപനം വന്നതിന് പിന്നാലെ എൽ സാൽവദോറിൽ വ്യാപകമായി ഉപയോഗിക്കുന്ന ക്രിപ്റ്റോ വാലറ്റായ ചിവോ തകർന്ന് അടിഞ്ഞു. ആഗോള ക്രിപ്റ്റോകൾ തകർന്നതിനുശേഷം, സാൽവദോർ പ്രസിഡന്റ് നായിബ് ബുക്കെലെ രാജ്യം 150 ബിറ്റ്കോയിനുകൾ വാങ്ങുന്നതായി ട്വീറ്റ് ചെയ്തു. സെപ്റ്റംബർ 9ലെ കണക്കുപ്രകാരം എൽ സാൽവദോർ മൊത്തം 550 ബിറ്റ്കോയിനുകൾ കെെവശംവച്ചിട്ടുണ്ട്.
സുസ്ഥിരതയും ആശങ്കയും
ബിറ്റ്കോയിൻ ലീഗൽ ടെൻഡറാക്കിയ എൽ സാൽവദോറിന്റെ നീക്കം സംശയത്തോടെയാണ് വിപണി കണ്ടത്. സാൽവദോറിയൻമാരിൽ 70 ശതമാനം പേരും ഈ നീക്കത്തെ എതിർത്തിരുന്നതായി സെൻട്രൽ അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ സർവേ സൂചിപ്പിക്കുന്നു. ഈ നീക്കത്തിന്റെ സുസ്ഥിരതയും സംശയാസ്പദമാണ്. എൽ സാൽവദോർ യുഎസ് ഡോളറിനെയാണ് ഔദ്യോഗിക കറൻസിയായി ഉപയോഗിക്കുന്നത്. മൊത്തം ജനസംഖ്യയുടെ 30 ശതമാനം പേർക്ക് മാത്രം ബാങ്ക് അക്കൗണ്ടുള്ള ഒരു രാജ്യത്ത് സമ്പന്നർക്ക് മാത്രമാകും ബിറ്റ്കോയിൻ പ്രയോജനപ്പെടുക.
അതേസമയം രാജ്യത്ത് ബിറ്റ്കോയിന് അംഗീകാരം നൽകണമെന്നുള്ള എൽ സാൽവദോറിന്റെ ആവശ്യം ലോക ബാങ്ക് തള്ളി.