ഒരു കാലത്ത് ദൂരദര്‍ശനിലെ സീരിയലുകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് മധു മോഹന്‍. അഭിനയം, നിര്‍മ്മാണം, തിരക്കഥ, സംഭാഷണം തുടങ്ങിയ സീരിയല്‍ രംഗത്തെ എല്ലാ മേഖലകളിലും മധുമോഹന്‍ കഴിവ് തെളിയിച്ചിരുന്നു. സ്വകാര്യ ചാനലുകള്‍ മിനിസ്‌ക്രീന്‍ രംഗത്ത് ചുവടുറപ്പിക്കുന്നത് വരെ മധു മോഹന്‍ സീരിയൽ മേഖലയില്‍ സജീവമായിരുന്നു.
സീരിയല്‍ ലോകത്തെ ആദ്യ സൂപ്പര്‍ ഹീറോ എന്നാണ് ആരാധകർ മധു മോഹനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മലയാള ടെലിവിഷന്‍ രംഗത്ത് നിന്ന് പൂര്‍ണ്ണമായി മാറി നില്‍ക്കുന്ന മധു മോഹന്‍ തമിഴ് സീരിയലുകളില്‍ സജീവമാണ്. എന്തുകൊണ്ടാണ് താന്‍ മലയാള സീരിയലുകളില്‍ ഇപ്പോള്‍ അഭിനയിക്കാത്തത് എന്നതിന് കാരണം പറയുകയാണ് ഇപ്പോള്‍ താരം.
മധു മോഹന്റെ വാക്കുകൾ ഇപ്രകാരം:
‘മലയാളത്തിലെ സീരിയലുകളില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അത് ഉണ്ടായാല്‍ മലയാളത്തില്‍ ഇനിയും പ്രോജക്ടുകള്‍ ചെയ്യാന്‍ താത്പര്യമുണ്ട്. ഇപ്പോള്‍ വെറും ഡയലോഗും മേക്കപ്പും അവിഹിതവും മാത്രമാണ് മലയാളത്തില്‍ കാണുന്നത്. അത് മാറണമെന്നും അദ്ദേഹം പറഞ്ഞു. താൻ ഇത്രയും കാലം സീരിയലുകള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടും ഇതുവരെ എന്റെ സീരിയലുകളില്‍ ഒരു അവിഹിതം പറഞ്ഞിട്ടില്ല. അഭിനയിക്കുന്ന സീരിയലുകളില്‍ ഉണ്ടാകാം. പക്ഷെ അത് എന്റെ നിയന്ത്രണത്തില്‍ ഉള്ളതല്ല, ഞാന്‍ എടുക്കുന്ന സീരിയലുകളില്‍ അത് ഉണ്ടാവില്ല. മലയാളത്തില്‍ ഇപ്പോള്‍ അവിഹിതം ഇല്ലാത്ത സീരിയലുകളില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു ആവശ്യവും ഇല്ലാത്ത നെടുനീളന്‍ ഡയലോഗുകളാണ് മറ്റൊരു പ്രശ്നം ആയിട്ട് പറയുന്നത്. വേറുതേ ദേഷ്യപ്പെട്ട് കുറേ നേരം സംസാരിക്കുന്നു എന്നല്ലാതെ പ്രത്യേകിച്ച് അഭിനയിക്കാന്‍ ഒന്നും ഇപ്പോള്‍ മലയാളം സീരിയലില്‍ ഇല്ല. നല്ലൊരു ഇമോഷന്‍ സീനോ അഭിനയവും ഒന്നുമില്ല. വെറുതേ അങ്ങോട്ടുമിങ്ങോട്ടും നടന്ന് ഡയലോഗുകള്‍ പറഞ്ഞ് എപ്പിസോഡുകള്‍ നീട്ടുകയാണ്. നല്ല ഒരു സ്‌ക്രിപ്റ്റ് ഉണ്ടെങ്കില്‍ എത്രയോ നന്നായി സീരിയലുകള്‍ ചെയ്യാം.
പുട്ടിയിട്ട് അഭിനയിക്കുന്ന നടീനടന്മാരാണ് ഇപ്പോഴുള്ളത്. അമിതമായ മേക്കപ്പ് കാഴ്ചക്കാരില്‍ എത്തിയ്ക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്. ഉറങ്ങുമ്പോള്‍ പോലും മേക്കപ്പ് ഇടുന്ന കഥാപാത്രങ്ങളെയും മധു മോഹൻ പരിഹസിച്ചു. സീരിയല്‍ ആര്‍ട്ടിസ്റ്റുകള്‍ മേക്കപ്പ് ഇടരുതെന്ന് ഞാന്‍ പറയില്ല. പക്ഷെ, കഥാപാത്രങ്ങള്‍ക്ക് യോജിക്കുന്ന വിധം ആയിരിയ്ക്കണം എന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു നിർത്തി.