ഓരോ മലയാളികളുടെയും ഇഷ്ട ക്രിക്കറ്റ് താരമാണ് സഞ്ജു സാംസൺ. മലയാളി ക്രിക്കറ്റ് ആരാധകരിൽ വലിയൊരു വിഭാഗം സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി തുടങ്ങി നിരവധി ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ആരാധകരാണെങ്കിൽ പോലും, സഞ്ജു സാംസൺ സജീവ ക്രിക്കറ്റിലേക്ക് എത്തിയതോടെ സഞ്ജു കേരളക്കരയുടെ അഭിമാന താരമാണ്. ഇന്ന് ദേശീയ ടീമിനായി കളിക്കുന്ന സഞ്ജു, ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ കൂടിയാണ്.
സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ ആയതിനുശേഷം, മലയാളികൾ എമ്പാടും രാജസ്ഥാൻ റോയൽസിനെ പിന്തുണക്കാൻ ആരംഭിച്ചിട്ടുണ്ട്. സഞ്ജുവിന്റെ ടീം എന്ന പ്രത്യേക സ്നേഹം വച്ചാണ് മലയാളി ക്രിക്കറ്റ് ആരാധകൻ രാജസ്ഥാൻ റോയൽസിനെയും ഇഷ്ടപ്പെടുന്നത്. ഇപ്പോൾ, ക്രിക്കറ്റിനെ ഏറെ സ്നേഹിക്കുന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന് സഞ്ജു സാംസൺ ഒരു സമ്മാനം നൽകിയിരിക്കുകയാണ്.
രാജസ്ഥാൻ റോയൽസിന്റെ ഒരു 9-ാം നമ്പർ ജേഴ്സിയിൽ ശശി തരൂർ എന്ന് പേര് എഴുതിയിട്ടുള്ള ഒരു ജേഴ്സിയാണ് സഞ്ജു, തന്റെ ജന്മനാടായ തിരുവനന്തപുരത്തിന്റെ എംപിക്ക് സമ്മാനിച്ചത്. വലിയ ക്രിക്കറ്റ് ആരാധകനായ ശശി തരൂർ, സഞ്ജു നൽകിയ സമ്മാനത്തിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തു. ശശി തരൂർ പങ്കുവെച്ച പോസ്റ്റിൽ സഞ്ജു സാംസനണ് നന്ദിയും അറിയിച്ചു
“ഈ ഔട്ട്‌ഫിറ്റ് സമ്മാനിച്ചതിന് സഞ്ജു സാംസണും രാജസ്ഥാൻ റോയൽസിനും നന്ദി. അടുത്തവർഷം മുതൽ നിങ്ങളെ സപ്പോർട്ട് ചെയ്യാൻ ഞാനും റെഡിയാണ്,” എന്ന തലക്കെട്ടോടെ സമ്മാനമായി ലഭിച്ച രാജസ്ഥാൻ റോയൽസ് ജഴ്സി അണിഞ്ഞുകൊണ്ടുള്ള ചിത്രവും ശശി തരൂർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ശശി തരൂർ എംപിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയും, അത് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.