നാഗ്പുർ • കനത്ത മഴയെത്തുടർന്ന് പുഴയിൽ വീണ കാർ യാത്രക്കാരായ മൂന്നു പേർ മരിച്ചു. കാർ മുങ്ങുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കാർ പുഴയിൽ വീണത് കാണാൻ കരയിൽ നിരവധി ആളുകൾ തടിച്ചുകൂടിയെങ്കിലും ആരും ഇവരെ രക്ഷിക്കാൻ തയാറായില്ല. വാഹനത്തിനുള്ളിൽനിന്നും കൈ പുറത്തേക്കിട്ടിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്.
ആറു പേരുണ്ടായിരുന്ന വാഹനത്തിൽമൂന്നു പേരെ കാണാതായി. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. സാവ്നെർ ടെഹ്സിലിൽ പാലം കടക്കുന്നതിനിടെയാണ് കാർ പുഴയിലേക്കു മറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. മൂന്നു പേർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. മധ്യപ്രദേശിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. നാഗ്പുരിൽ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവരെന്ന് പൊലീസ് അറിയിച്ചു. കനത്ത മഴയിൽ മഹാരാഷ്ട്രയിൽ ഇതുവരെ 83 പേരാണ് മരിച്ചത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്.