മൊഴി മാറ്റിപ്പിക്കാനായി മാതാപിതാക്കള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പാലക്കാട് പോക്സോ കേസിലെ കാണാതായ അതിജീവിതയെ കണ്ടെത്തി. ഗുരുവായൂരിലെ ഒരു ലോഡ്ജില്‍ നിന്നാണ് 11കാരിയായ കുട്ടിയെ കണ്ടെത്തിയത്. പ്രത്യേക അന്വേഷണസംഘം എത്തുമ്പോള്‍ കുട്ടി മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ ചെറിയച്ഛന്‍ ഉള്‍പ്പെടെ അടുത്ത ബന്ധുക്കള്‍ പ്രതിയായ പോക്‌സോ കേസില്‍ വിചാരണ ഈ മാസം 16ന് തുടങ്ങാനിരിക്കെയാണ് സംഭവങ്ങള്‍. മൊഴി മാറ്റിപ്പിക്കാനായി കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുട്ടിയെ തന്റെ പക്കല്‍ നിന്ന് തട്ടിക്കൊണ്ടുപോയത് അമ്മയും അച്ഛനും ബന്ധുക്കളും ചേര്‍ന്നാണെന്ന് മുത്തശ്ശി ആരോപിച്ചിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരം മുത്തശ്ശിക്കൊപ്പമായിരുന്നു പെണ്‍കുട്ടി. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ അമ്മയെയും പ്രതിയെയും കണ്ടയുടനെ കുട്ടി മുറിയില്‍ ഒളിച്ചു. പിന്നാലെ കുട്ടിയെയും മുത്തശ്ശിയേയും അമ്മ മര്‍ദ്ദിച്ചു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുത്തശ്ശിയുടെ കൈയ്ക്ക് പരിക്കേറ്റു. ഇതിനിടെ കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കാറിലും ബൈക്കിലുമെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇവരെത്തിയ ബൈക്കിന്റെ നമ്പര്‍ വ്യാജമാണ്. കാറിന്റെ നമ്പര്‍ തുണി കൊണ്ട് മറച്ചിരുന്നു.
മുത്തശ്ശിയുടെ ആരോപണങ്ങള്‍ കൂടുതലും കുട്ടിയുടെ ചെറിയച്ഛനെതിരെയാണ്. പോക്സോ കേസില്‍ റിമാന്‍ഡിലായിരുന്ന ഇയാള്‍ നിലവില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് സംഭവം. മൊഴി മാറ്റുന്നതിന് കുട്ടിയെ സ്വാധീനിക്കാന്‍ ചെറിയച്ഛന്‍ ശ്രമിച്ചിട്ടുണ്ട്. മാതാപിതാക്കളും ചെറിയച്ഛനൊപ്പമാണെന്നും മുത്തശ്ശി കൂട്ടിച്ചേര്‍ത്തു. പാലക്കാട് ടൗണ്‍ സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.