Headlines

ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ നിന്നും സൗത്ത് ആഫ്രിക്ക പിന്മാറി

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും പിന്മാറി ദക്ഷിണാഫ്രിക്ക. അടുത്ത വര്‍ഷം നടക്കേണ്ട ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്നാണ് ദക്ഷിണാഫ്രിക്ക പിന്‍മാറിയത്. ഇക്കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് അറിയിച്ചത്. 2023 ജനുവരി 12 മുതല്‍ 17 വരെയായിരുന്നു പരമ്പര നടക്കേണ്ടിയിരുന്നത്. ഏകദിന പരമ്പരയെ കൂടാതെ മൂന്ന് ടെസ്റ്റുകളും ദക്ഷിണാഫ്രിക്ക ഓസീസ് പര്യടനത്തില്‍ കളിക്കുന്നുണ്ട്.

ഏകദിന മത്സരങ്ങളുടെ തിയതി മാറ്റണമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞ മാസം ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം സാധ്യമായില്ല. രാജ്യാന്തര മത്സരക്രമങ്ങളില്‍ മറ്റ് സ്ലോട്ടുകള്‍ കണ്ടെത്താനാകാത്തതാണ് ഓസ്‌ട്രേലിയയെ കുഴിപ്പിച്ചത്. ഇതോടെയാണ് ദക്ഷിണാഫ്രിക്കയ്ക്ക പരമ്പരയില്‍ നിന്നും പിന്മാറിയത്. ദക്ഷിണാഫ്രിക്കയുടെ പിന്‍മാറ്റം 2023ലെ ഏകദിന ലോകകപ്പില്‍ നേരിട്ട് യോഗ്യത നേടുന്നതിനെ ബാധിച്ചേക്കും. ഐസിസി സൂപ്പര്‍ ലീഗിന്റെ ഭാഗമായ പരമ്പരയിലെ പോയിന്റുകള്‍ വിട്ടുനല്‍കാന്‍ ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് സമ്മതം മൂളിയതോടെയാണിത്. ഇന്ത്യയില്‍ വച്ചാണ് 2023 ഏകദിന ലോകകപ്പ് നടക്കുക.

ഏകദിന പരമ്പരയില്‍ നിന്ന് ദക്ഷിണാഫ്രിക്ക പിന്‍മാറിയത് കനത്ത നിരാശ നല്‍കുന്നതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ നിക്ക് ഹോക്ലി വ്യക്തമാക്കി. അതേസമയം ബോക്‌സിംഗ് ഡേ, ന്യൂ ഇയര്‍ പോരാട്ടങ്ങളടങ്ങുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ സന്തോഷമുണ്ട് എന്നും ഹോക്ലി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *