Headlines

തുടർച്ചയായ അഞ്ചാം ഏകദിന പരമ്പരയും വിജയിച്ച് ബംഗ്ലാദേശ്, ദയനീയ പരാജയം ഏറ്റുവാങ്ങി വിൻഡീസ്.

വെസ്റ്റിഡീൻസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിന് 9 വിക്കറ്റിൻ്റെ അനായാസ വിജയം. മത്സരത്തിൽ വിൻഡീസിനെ വെറും 108 റൺസിൽ ചുരുക്കികെട്ടിയ ബംഗ്ളാദേശ് 109 റൺസിൻ്റെ വിജയലക്ഷ്യം 20.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ബംഗ്ലാദേശിന് വേണ്ടി ക്യാപ്റ്റൻ തമീം ഇഖ്ബാൽ 62 പന്തിൽ 50 റൺസും ലിറ്റൺ ദാസ് 27 പന്തിൽ 32 റൺസും നേടി പുറത്താകാതെ നിന്നു. 36 പന്തിൽ 20 റൺസ് നേടിയ ഹോസൈൻ ഷാൻ്റോയുടെ വിക്കറ്റ് മാത്രമാണ് ബംഗ്ലാദേശിന് നഷ്ടമായത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ വെസ്റ്റിൻഡീസിനെ 8 ഓവറിൽ 29 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ മെഹിദി ഹസനും 10 ഓവറിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ നസും അഹമ്മദുമാണ് തകർത്തത്. അഞ്ച് ബാറ്റ്സ്മാന്മാർ മാത്രമാണ് വെസ്റ്റിൻഡീസ് നിരയിൽ രണ്ടക്കം കടന്നത്. ഏകദിന ക്രിക്കറ്റിൽ സ്വന്തം നാട്ടിലെ വെസ്റ്റിൻഡീസിൻ്റെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടീം ടോട്ടലാണിത്. ഇതിനുമുൻപ് ഇതേ വേദിയിൽ 2013 ൽ പാകിസ്ഥാനെതിരെ 98 റൺസിന് വിൻഡീസ് ഓൾ ഔട്ടായിരുന്നു. 24 പന്തിൽ 25 റൺസ് നേടിയ കീമോ പോളാണ് വിൻഡീസ് സ്കോർ ഇക്കുറി 100 കടത്തിയത്.

മത്സരത്തിലെ വിജയത്തോടെ ഏകദിന പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് ബംഗ്ലാദേശ് സ്വന്തമാക്കി. പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലും ടി20 പരമ്പരയിലും ബംഗ്ലാദേശ് പരാജയപെട്ടിരുന്നു. ബംഗ്ലാദേശിൻ്റെ തുടർച്ചയായ അഞ്ചാം ഏകദിന പരമ്പര വിജയമാണിത്. ഇതിനുമുൻപ് നടന്ന ഏകദിന പരമ്പരകളിൽ സൗത്താഫ്രിക്കയെയും അഫ്ഗാനിസ്ഥാനെതിരെയും സിംബാബ്വെയെയും ശ്രീലങ്കയെയും ബംഗ്ലാദേശ് പരാജയപെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *