Headlines

ഡോണള്‍ഡ് ട്രംപിന്‍റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു

ന്യൂയോര്‍ക്ക്: യുഎസ് മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ആദ്യ ഭാര്യയും മൂത്ത മൂന്നു കുട്ടികളുടെ അമ്മയുമായ ഇവാന ട്രംപ് (73) അന്തരിച്ചു.ന്യൂയോര്‍ക്ക് സിറ്റിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യമെന്ന് ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ അറിയിച്ചു. ഇവാനയെ കുറിച്ചുള്ള നല്ല വാക്കുകളും അദ്ദേഹം പങ്കുവച്ചു. എന്നാല്‍ മരണകാരണം വെളിപ്പെടുത്തിയില്ല.

ചെക്ക് റിപ്പബ്ലിക്കന്‍ മോഡലായിരുന്ന ഇവാന സെല്‍നിക്കോവ 1977-ലാണ് ഡോണള്‍ഡ് ട്രംപിനെ വിവാഹം ചെയ്തത്. ഈ വിവാഹത്തില്‍ ഡോണള്‍ഡ് ജൂനിയര്‍, ഇവാങ്ക, എറിക് എന്നീ മൂന്നു കുട്ടികളുണ്ടായി. 15 വര്‍ഷത്തെ ദാമ്ബത്യ ജീവിതത്തിനുശേഷം 1992ല്‍ അവര്‍ വിവാഹമോചനം നേടി. ഇവാനയെ പിരിഞ്ഞതിനുശേഷം മോഡല്‍ മാര്‍ലാ മേപ്പിള്‍സിനെയാണ് ട്രംപ് വിവാഹം ചെയ്തത്.

ട്രംപുമായി പിരിഞ്ഞതിനുശേഷം ഇവാന രണ്ടു തവണ കൂടി വിവാഹിതയായി. രണ്ടാം വിവാഹം 1995ല്‍ ഇറ്റാലിയന്‍ വ്യവസായിയായ റിക്കാര്‍ഡോ മസൂച്ചെല്ലിയുമായി നടന്നു. 1997ല്‍‌ ഇവര്‍ വേര്‍പിരിഞ്ഞു. 2008 ഇറ്റാലിയന്‍ നടന്‍ റോസാനോ റൂബിക്കോണ്ടിയുമായി മൂന്നാം വിവാഹം. ഈ ബന്ധം ഒരു വര്‍ഷമേ നീണ്ടുനിന്നുള്ളൂ.

തന്‍റെ ഓര്‍മ്മക്കുറിപ്പായ “റെയ്സിംഗ് ട്രംപ്’ എന്ന പുസ്തകത്തില്‍ ഇവാന സ്വന്തം അനുഭവങ്ങള്‍ വിവരിച്ചിരുന്നു. ട്രംപുമായുള്ള നീണ്ട കാലത്തെ ദാമ്ബത്യവും അതു തകരാനുണ്ടായ കാരണവും തുടര്‍ന്നുള്ള സംഭവങ്ങളുമായിരുന്നു 2017ല്‍ പുറത്തിറങ്ങിയ പുസ്തകത്തിന്‍റെ ഉള്ളടക്കം. ട്രംപ് പ്രസിഡന്‍റായപ്പോള്‍ ‘ഗുഡ് മോണിംഗ് അമേരിക്ക’ എന്ന ടിവി പരിപാടിയില്‍ ഇവാന നടത്തിയ പ്രസ്താവന വിവാദത്തിന് തിരികൊളുത്തിയിരുന്നു.

“ട്രംപിന്‍റെ ആദ്യ ഭാര്യ താനാണ്. അദ്ദേഹത്തിന്‍റെ മൂന്നു മക്കളുടെ അമ്മയുമാണ്. അപ്പോള്‍ താന്‍ തന്നെയാണ് പ്രഥമവനിത’- എന്നായിരുന്നു ഇവാനിയയുടെ വാക്കുകള്‍. വിവാഹമോചനത്തിന് ശേഷം ട്രംപുമായുള്ള ബന്ധം മെച്ചപ്പെട്ടുവെന്നും ആഴ്ചയിലൊരിക്കല്‍ താന്‍ അദ്ദേഹത്തോട് സംസാരിക്കാറുണ്ടെന്നും അവര്‍ എഴുതിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *