ലണ്ടൻ:ലോഡ്സില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്ക് 100 റണ്‍സിന്‍റെ തോല്‍വി.ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്‍റെ ഇന്നിംഗ്സ് 49 ഓവറില്‍ 246ല്‍ അവസാനിച്ചു. മറുപടി ബാറ്റിംഗില്‍ ഇന്ത്യയെ 38.5 ഓവറില്‍ 146 റണ്‍സില്‍ ഇംഗ്ലണ്ട് ചുരുട്ടിക്കെട്ടി. ജയത്തോടെ മൂന്നു മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പര 1-1 എന്ന നിലയിലായി.
ആറു വിക്കറ്റ് വീഴ്ത്തിയ റീസ് ടോപ്‌ലിയുടെ മിന്നും ബൗളിംഗാണ് ഇന്ത്യയെ തകര്‍ത്തത്. 9.5 ഓവറില്‍ വെറും 24 വിട്ടുകൊടുത്താണ് ടോപ്‌ലി ആറു വിക്കറ്റ് നേടിയത്. 44 പന്തില്‍ 29 റണ്‍സ് വീതം നേടിയ ഹര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍മാര്‍. സൂര്യകുമാര്‍ യാദവ് (27), മുഹമ്മദ് ഷമി (23), വിരാട് കോഹ്‌ലി (16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ഇന്ത്യന്‍ ബാറ്റര്‍മാര്‍. ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് വില്ലി, ബ്രൈഡന്‍ കാര്‍സ്, മോയിന്‍ അലി, ലിയാം ലിവിംഗ്സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഏകദിനത്തില്‍ ജസ്പ്രീത് ബുംറയാണു ബൗളിംഗ് ആക്രമണം നയിച്ചതെങ്കില്‍ ഇന്നലെ സ്പിന്നര്‍ ചാഹലായിരുന്നു ആ കര്‍ത്തവ്യം ഏറ്റെടുത്തത്. 10 ഓവറില്‍ 47 റണ്‍സ് വഴങ്ങിയ ചാഹല്‍ നാലു വിക്കറ്റ് സ്വന്തമാക്കി. ഇംഗ്ലണ്ടിന്‍റെ ഇന്നിംഗ്സ് 49 ഓവറില്‍ 246ല്‍ അവസാനിച്ചു.