ഫോമില്ലാതെ ഉഴറുന്ന ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയെ കുറിച്ചാണല്ലോ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ക്രിക്കറ്റ് ലോകത്തിന്റെ ചര്‍ച്ച മുഴുവനും. കോഹ്ലിയുടെ ഫോം നഷ്ടത്തില്‍ ഉപദേശങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും യാതൊരു കുറവുമില്ല. മുന്‍ താരങ്ങളടക്കം കോഹ്ലിയുടെ തിരിച്ചുവരവ് സാധ്യതയെ കുറിച്ചാണ് ഏറെ സംസാരിക്കുന്നതു
ഇപ്പോഴിതാ തനിക്ക് നേരെ ശരവര്‍ഷം പോലെ പ്രവഹിക്കുന്ന ഈ ഉപദേശ, വിമര്‍ശന ശരങ്ങള്‍ക്ക് ഒറ്റവാക്കില്‍ മറുപടി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കോഹ്ലി. പ്രചോദനാത്മകമായ ഒരു ചിത്രത്തിന് അടുത്തിരിക്കുന്ന തന്റെ ചിത്രം പങ്കുവെച്ച കോലി കാഴ്ചപ്പാട് എന്ന് മാത്രമാണ് അടിക്കുറിപ്പായി കുറിച്ചത്. ഞാന്‍ വീണിരുന്നെങ്കിലോ, ഓ പ്രിയേ നീ പറന്നുയര്‍ന്നെങ്കിലോ എന്നെഴുതിയ പക്ഷിയുടെ ചിത്രത്തിനൊപ്പമാണ് കോഹ്ലിയുടെ ട്വീറ്റ്.
അതെസമയം കോഹ്ലിയെ സംബന്ധിച്ച് ഇന്ന് (ഞായറാഴ്ച്ച) നിര്‍ണ്ണായക ദിനമാണ്. മഞ്ചസ്റ്ററില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തില്‍ കോഹ്ലി എങ്ങനെ ബാറ്റ് ചെയ്യും എന്നതിനെ ആസ്പദമാക്കിയാകും അദ്ദേഹത്തിന്റെ ഇനിയുളള ഭാവി തന്നെ. മൂന്നാം ഏകദിനത്തില്‍ ബാറ്റ് കൊണ്ട് തിളങ്ങിയാല്‍ കോഹ്ലി ടീം ഇന്ത്യയില്‍ തുടരും. അല്ലെങ്കില്‍ കോഹ്ലിയെ മാറ്റിനിര്‍ത്താന്‍ സാധ്യത ഏറെയാണ്. നിലവില്‍ വിന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരയില്‍ കോഹ്ലിയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ടീം മാനേജ്‌മെന്റിന്റെയും പൂര്‍ണ പിന്തുണ ഉണ്ടെങ്കിലും മൂന്ന് വര്‍ഷമായി വിരാട് കോഹ്ലിയ്ക്ക് ഒരു സെഞ്ച്വറി പോലും നേടാനായിട്ടില്ല. മാഞ്ചസ്റ്ററില്‍ അതിനുളള ഉത്തരം ഉണ്ടാകുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.