അയർലൻഡ് – ന്യൂസിലാൻഡ് ഏകദിന പരമ്പര അവസാനിച്ചിട്ടും, ക്രിക്കറ്റ് ലോകത്ത് ഇതിനെ കുറിച്ചുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. ഇരു ടീമുകളും തമ്മിലുള്ള രണ്ടാം ഏകദിന മത്സരത്തിനിടെ അമ്പയർ നടത്തിയ കൃത്യമായ തീരുമാനമാണ് ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത്. മത്സരത്തിനിടെ, അമ്പയറുടെ പ്രവർത്തി കണ്ട് പലരും അമ്പരന്ന് പോയെങ്കിലും, പിന്നീട് വിശദമായ കാര്യങ്ങൾ പുറത്ത് വന്നതോടെ അമ്പയർക്ക് ക്രിക്കറ്റ് ലോകത്ത് നിന്ന് അഭിനന്ദന പ്രവാഹമായിരുന്നു.
രണ്ടാം ഏകദിനത്തിൽ, അയർലൻഡിന്റെ ബാറ്റിംഗിനിടെയാണ് അമ്പയറുടെ അവസരോചിതമായ ഇടപെടൽ നടന്നത്. ഇന്നിംഗ്സിന്റെ 43-ാം ഓവറിൽ ന്യൂസിലാൻഡ് പേസർ ബ്ലയർ ടിക്നറുടെ ബോൾ, അയർലൻഡ് ബാറ്റർ സിമി സിംഗിന്റെ ബാറ്റിൽ എഡ്ജ് ചെയ്ത് വിക്കറ്റ് കീപ്പർ ടോം ലഥാമിന്റെ കൈകളിലേക്ക് പോവുകയായിരുന്നു. ലഥാം അനായാസം ക്യാച്ച് എടുക്കുകയും ചെയ്തു.
ആദ്യം ഡെലിവറിയിൽ സംശയത്തക്കവണ്ണമായ ഒന്നും ഇല്ലാത്തതിനാൽ, അമ്പയർ പോൾ റെയ്നോൾഡ് വിക്കറ്റ് അനുവദിക്കുകയും ചെയ്തു. അതോടെ, സിമി സിംഗ് പവലിയനിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ, നിമിഷ നേരം കൊണ്ട് അമ്പയർ പോൾ റെയ്നോൾഡ് അദ്ദേഹത്തിന്റെ തീരുമാനം മാറ്റി, ഔട്ട് കോൾ പിൻവലിച്ച് നോട്ട്ഔട്ട് വിളിച്ചു. കാണികളും കളിക്കാരും ഒരുപോലെ അമ്പരന്നു. ശേഷം, അമ്പയർ ന്യൂസിലാൻഡ് ക്യാപ്റ്റൻ ടോം ലഥാമിന് വിശദീകരണം നൽകി.
സംഭവം, എന്തെന്നാൽ ന്യൂസിലാൻഡ് ബൗളർ ടിക്നർ പന്തെറിയാൻ റണ്ണപ്പ് നടത്തുന്നതിനിടെ അദ്ദേഹത്തിന്റെ ടവൽ താഴെ വീണിരുന്നു. ക്രിക്കറ്റിലെ 20.4.2.6, 20.4.2.7 എന്നീ നിയമങ്ങൾ പ്രകാരം, ഒരു ഡെലിവറി സ്വീകരിക്കുന്നതിന് മുമ്പോ, അതിനിടയിലോ, മനഃപൂർവമൊ അല്ലാതെയോ സ്ട്രൈക്കറുടെ ശ്രദ്ധ തെറ്റിക്കുന്ന എന്തെങ്കിലും ശബ്ദമോ മറ്റെന്തെങ്കിലും പ്രവർത്തിയോ ചെയ്താൽ, ആ ബോൾ ഡെഡ് ബോൾ ആയിരിക്കും. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അമ്പയർ അദ്ദേഹത്തിന്റെ തീരുമാനം തിരുത്തിയത്.