നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ഫിലിം ചേമ്പര്‍. ഇന്ന് ചേര്‍ന്ന ഫിലിം ചേമ്പര്‍ യോഗത്തിലാണ് നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനമായത്. ശ്രീനാഥ് ഭാസി പല സിനിമ ലൊക്കേഷനുകളിലും ഷൂട്ടിംഗിന് സമയത്ത് എത്തുന്നില്ല, നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടം ഉണ്ടാകുന്നു തുടങ്ങിയ പരാതിയിന്മേലാണ് നടപടിയെടുക്കാന്‍ ഫിലിം ചേമ്പര്‍ തീരുമാനിച്ചത്. ശ്രീനാഥ് ഭാസി ചേമ്പറില്‍ പോയി വിശദീകരണം നല്‍കണം. ശ്രീനാഥ് ഭാസി ഇനിയുള്ള പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ചേമ്പറുമായി ആലോചിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
താരത്തിന് അമ്മയില്‍ മെമ്പര്‍ഷിപ്പ് ഇല്ലാത്തതിനാലാണ് നടപടിക്ക് ഫിലിം ചേമ്പര്‍ മുന്‍കൈയെടുക്കുന്നത്. നടന്മാര്‍ ചില പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുമാരെ മാനേജര്‍ ആക്കിയത് ഇനി അനുവദിക്കില്ലെന്നും ചേമ്പറിന്റെ യോഗത്തില്‍ തീരുമാനമെടുത്തു. താരങ്ങളുടെ ശമ്പളം കുറയ്ക്കുന്ന കാര്യത്തില്‍ അടുത്ത മാസം വീണ്ടും യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. അതേസമയം താരങ്ങള്‍ പ്രതിഫലം കുത്തനെ ഉയര്‍ത്തുന്നത് മലയാള സിനിമയ്ക്ക് വലിയ ബാദ്ധ്യത സൃഷ്ടിക്കുന്നുവെന്ന ഫിലിം ചേമ്പറിന്റെ വിമര്‍ശനത്തിന് മറുപടിയുമായി നടന്‍ പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു.
ഒരു താരത്തിന്റെ ശമ്പളം എത്രയാണ് എന്നുള്ളത് ആ നടന്റെയോ നടിയുടെയോ തീരുമാനമാണ്. ആ നടനെയോ നടിയെയോ വച്ച് സിനിമയെടുക്കണമോയെന്ന തീരുമാനം നിര്‍മാതാവിന്റേതുമാണ്. ഇന്ന നടന്‍ ചോദിക്കുന്ന ശമ്പളം ഞാന്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമയ്ക്കു താങ്ങുന്നതല്ല എന്നു നിര്‍മാതാവിനു തോന്നുകയാണെങ്കില്‍ ആ നടനെ ഒഴിവാക്കുകയെന്നതാണ് നിര്‍മാതാവിന് ചെയ്യാവുന്ന ആദ്യത്തെ പടിയെന്ന് നടന്‍ പറഞ്ഞിരുന്നു.