ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുളള വെസ്റ്റിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം നിക്കോളാസ് പൂരാന്‍ നയിക്കുന്ന 13 അംഗ ടീമിനെയാണ് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. മുതിര്‍ന്ന ഓള്‍റൗണ്ടര്‍ ജാസണ്‍ ഹോള്‍ഡര്‍ വിന്‍ഡീസ് ടീമിലേക്ക് തിരിച്ചെത്തിയതാണ് ഏറ്റവും വലിയ പ്രത്യേകത. ബംഗ്ലാദേശ് പര്യടനത്തില്‍ ഹോള്‍ഡറെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
ബംഗ്ലാദേശ് പര്യടനം കളിച്ച ആന്‍ഡേഴ്‌സണ്‍ ഫിലിപ്പിനേയും റൊമാരിയോ ഷെപ്പേഴ്ഡിനേയും ടീമില്‍ നിന്നും പുറത്താക്കി. ഷെപ്പേഴ്‌സ് സ്‌ക്വാഡിലില്ലെങ്കിലും റിസര്‍വ്വ് താരമായി ടീമിനൊപ്പം തുടരും. ഹൈഡന്‍ വാല്‍ഷും റിസര്‍വ്വ് താരമായി ടീമിനൊപ്പമുണ്ട്.
ഹോള്‍ഡറുടെ തിരിച്ചുവരവോടെ വിന്‍ഡീസ് ടീം കരുത്തരായെന്നും കൂടുതല്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാനാകുമെന്നും ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് സെലക്ടര്‍ ഡെസ്‌മോണ്ട് ഹൈനസ് പ്രത്യേശ പ്രകടിപ്പിച്ചു.
ബംഗ്ലാദേശിനെതിരെ അവരുടെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ വെസ്റ്റിന്‍ഡീസ് കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ത്തിനാണ് വെസ്റ്റിന്‍ഡീസ് കൈവിട്ടത്. ഇതോടെയാണ് ഹോള്‍ഡറെ അടക്കം തിരിച്ച് കൊണ്ട് വരാന്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ബന്ധിതരായത്.
മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ വെസ്റ്റിന്‍ഡീസിനെതിരെ കളിയ്ക്കുന്നത്. രോഹിത്തിനും കോഹ്ലിയ്ക്കുമെല്ലാം വിശ്രമം അനുവദിച്ചപ്പോള്‍ ശിഖര്‍ ധവാന്‍ ആണ് ഇന്ത്യന്‍ ടീം നായകന്‍. രവീന്ദ്ര ജഡേജ ഉപനായകനായും ടീമിലുണ്ട്. മലയാളി താരം സഞ്ജു സാംസണിനേയും ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വെസ്റ്റിന്‍ഡീസ് ടീം: നിക്കോളാസ് പൂരാന്‍ (ക്യാപ്റ്റന്‍), ഷായ് ഹോപ്പ്, ഷംറ ബ്രോക്‌സ്, കീസി കാര്‍ട്ടി, ജാസണ്‍ ഹോള്‍ഡര്‍, അഖേല്‍ ഹൊസൈന്‍, അല്‍സാരി ജോസഫ്, ബ്രണ്ടന്‍ കിംഗ്, കൈല്‍ മായേര്‍സ്, ഗുഡാകേഷ് മോത്തി, കീമോ പോള്‍, റോവ്മാന്‍ പവല്‍, ജയ്ഡന്‍ സീല്‍സ്