Headlines

നീറ്റ് പരീക്ഷയിൽ അടിവസ്ത്രമഴിപ്പിച്ച്‌ പരിശോധന: അഞ്ച് പേർ അറസ്റ്റിൽ

കൊല്ലം:നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച്‌ പരിശോധന നടത്തിയ സംഭവത്തില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.സംഭവം നടന്ന ആയൂര്‍ മാര്‍ത്തോമ കോളജിലെ രണ്ടു ജീവനക്കാരെയും പരീക്ഷാ ഏജന്‍സിയിലെ മൂന്നു പേരെയുമാണ് അറസ്റ്റ് ചെയ്തത്. അഞ്ചു പേരും വനിതാ ജീവനക്കാരാണ്. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അഞ്ചു പരാതികള്‍ ഇതുവരെ ലഭിച്ചെന്നാണ് കൊല്ലം റൂറല്‍ എസ്പി കെ ബി രവി നേരത്തെ വ്യക്തമാക്കിയത്. അന്വേഷണസംഘം ഇന്നു കോളജില്‍ എത്തി പരിശോധന നടത്തിയിരുന്നു. ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണ് അഞ്ചു പേരെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നാല് സ്ത്രീകളാണ് കുട്ടികളെ വസ്ത്രമഴിപ്പിച്ച്‌ പരിശോധിച്ചതെന്ന് കണ്ടെത്തി. ഇവരുടെ തിരിച്ചറിയല്‍ പരേഡ് നടത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

ദേഹപരിശോധനയുടെ ചുമതല സ്വകാര്യ ഏജന്‍സിക്കായിരുന്നു. നാലു വീതം പുരുഷന്മാരെയും സ്ത്രീകളെയുമാണ് ഇവര്‍ നിയോഗിച്ചത്. ദേഹപരിശോധനാ ഡ്യൂട്ടിയിലുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം പരാതി നല്‍കിയ ശൂരനാട്, കുളത്തൂപ്പുഴ സ്വദേശിനികള്‍ക്കു പുറമെ മൂന്നു വിദ്യാര്‍ഥിനികള്‍ കൂടി ചടയമംഗലം പൊലീസില്‍ പരാതി നല്‍കി.

സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കോളജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. കുട്ടികള്‍ വലിയ മാനസിക പീഡനത്തിന് ഇരയായി. സംസ്ഥാന മനുഷ്യാവകാശ, യുവജന കമ്മിഷനുകളും കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *