തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കാതിരിക്കാന്‍ ഇരിപ്പിടം മുറിച്ചിടത്ത് ജെന്‍ഡര്‍ ന്യൂട്രല്‍ കാത്തിരിപ്പു കേന്ദ്രം പണിയുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍.ഇരിപ്പിടം മുറിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികളുടെ പ്രതികരണത്തിലൂടെ വൈറല്‍ ആയ ബസ് സ്റ്റോപ്പില്‍ മേയര്‍ സന്ദര്‍ശനം നടത്തി.

എന്‍ജിന്റിങ്ങ് കോളജിനു അടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം മുറിച്ച് മൂന്നാക്കിയത് അനുചിതവും പുരോഗമന സമൂഹത്തിന് ചേരാത്തതുമാണെന്ന് മേയര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരുമിച്ച് ഇരിക്കാന്‍ നമ്മുടെ നാട്ടില്‍ വിലക്കൊന്നുമില്ല. അങ്ങനെ ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അവര്‍ ഇപ്പോഴും കാളവണ്ടി യുഗത്തില്‍ തന്നെയാണെന്ന് കരുതേണ്ടി വരും. ഇക്കാര്യത്തില്‍ ശക്തമായി പ്രതികരിച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കുന്നു. പ്രതികരണശേഷിയുള്ള തലമുറയാണ് നാടിന്റെ പ്രതീക്ഷ, അത് വീണ്ടും തെളിയിച്ച സിഇടിയിലെ കൂട്ടുകാര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും മേയര്‍ പറഞ്ഞു.
ഈ ബസ് ഷെല്‍ട്ടര്‍ ആകെ പൊളിഞ്ഞതാണ്. അത് അനധികൃതവും പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ഇല്ലാത്തതുമാണ്. അവിടെ നഗരസഭയുടെ നേതൃത്വത്തില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കും. അത് ജന്‍ഡര്‍ ന്യുട്രല്‍ ആയിരിക്കുമെന്ന് മേയര്‍ പറഞ്ഞു.