Headlines

പണം വച്ച്‌ ചീട്ടുകളി: പിടിയിലായ എസ്ഐയ്ക്കും പൊലീസുകാരനും സസ്പെൻഷൻ

പത്തനംതിട്ട: പണം വെച്ച്‌ ചീട്ടുകളിച്ചതിന് പിടിയിലായ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍, സിവില്‍ പൊലീസ് ഓഫീസര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.എസ്‌ഐ അനില്‍, സിപിഒ അനൂപ് കൃഷ്ണന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. കഴിഞ്ഞ 16-ാം തീയതിയാണ് കുമ്പനാട് നാഷണല്‍ ക്ലബ്ബില്‍ നിന്നും ചീട്ടുകളിക്കിടെ ഇരുവരും ഉള്‍പ്പെട്ട സംഘം പിടിയിലാകുന്നത്.

കോയിപ്രം പൊലീസും പത്തനംതിട്ട എസ്പിയുടെ കീഴിലുള്ള പ്രത്യേക സ്‌ക്വാഡും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. ഉന്നത ബന്ധങ്ങളുള്ള വ്യക്തികളും പൊലീസുകാരും ഉള്‍പ്പെടെ ഇവിടെ പണംവെച്ചുള്ള ചീട്ടുകളിക്കെത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റെയ്ഡില്‍ പൊലീസ് ഉദ്യോഗസ്ഥരടക്കം 11 പേരാണ് പിടിയിലാകുന്നത്.

പാലക്കാട് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനാണ് സസ്‌പെന്‍ഷനിലായ അനൂപ് കൃഷ്ണന്‍. പൊലീസ് റെയ്ഡിനിടെ സസ്‌പെന്‍ഷനിലായ എസ്‌ഐ അനില്‍ ക്ലബ്ബിന്റെ മതില്‍ ചാടി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ രക്ഷപ്പെട്ടത് എസ്‌ഐ അനില്‍ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ, നടപടി സ്വീകരിക്കുകയായിരുന്നു. റാന്നി പൊലീസ് സ്റ്റേഷനില്‍ എസ്‌ഐ ആയിരിക്കെ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഒരുമാസം മുൻപ് അനിലിനെ പത്തനംതിട്ട എആര്‍ ക്യാമ്പിലേക്ക് മാറ്റി നിയമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *