Headlines

ഇന്ത്യയിൽ ഒരാൾക്ക് കൂടി മങ്കിപോക്സ്, വിദേശയാത്ര പശ്ചാത്തലമില്ലാത്ത രോഗി, ആശങ്ക

ന്യൂഡൽഹി: രാജ്യത്ത് ഒരാള്‍ക്ക് കൂടി കുരങ്ങുപനി ( മങ്കി പോക്‌സ്) സ്ഥിരീകരിച്ചു. ഡൽഹിയിലാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിന് പുറത്ത് ഇതാദ്യമായാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.31 വയസ്സുള്ളയാള്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇയാള്‍ മൗലാന ആസാദ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഇയാള്‍ക്ക് വിദേശയാത്ര പശ്ചാത്തലമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ മൂന്നുപേര്‍ക്കാണ് ഇതുവരെ രോഗബാധ കണ്ടെത്തിയിട്ടുള്ളത്. വിദേശത്തു നിന്നും എത്തിയവരിലാണ് കേരളത്തില്‍ രോഗബാധ കണ്ടെത്തിയിട്ടുള്ളത്.

മങ്കിപോക്സിനെ ആഗോള പകര്‍ച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. ഡബ്ല്യുഎച്‌ഒയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. ലോകത്തിന്റെ പല ഭാഗങ്ങളിലും വൈറസ് പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ഇതുവരെയായി മങ്കിപോക്സ് സ്ഥിരീകരിച്ചത് 72 രാജ്യങ്ങളിലാണ്. 70 ശതമാനം രോഗികളും യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരാണ്. മങ്കിപോക്സ് അടിയന്തര ആഗോള പൊതുജനാരോഗ്യ ആശങ്കയാണെന്ന് ലോകാരോഗ്യസംഘടനാ തലവന്‍ ഡോ. ടെഡ്രോസ് ഗബ്രിയേസൂസ് അഥനോം വ്യക്തമാക്കി. മങ്കിപോക്‌സ് വ്യാപനം ആഗോള തലത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നവെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ രാജ്യങ്ങളിലാണ് നിലവില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗം അന്താരാഷ്ട്ര യാത്രകളേയോ വ്യാപാരങ്ങളയോ ബാധിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് മുന്‍പ് 2020 ജനുവരി 30ന് കോവിഡ് വൈറസിനെയാണ് ഡബ്ല്യുഎച്‌ഒ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *