തിരുവനന്തപുരം:പെണ്‍സുഹൃത്തിനെ ആഴിമലയില്‍ കാണാനെത്തിയശേഷം തമിഴ്നാട്ടിലെ കുളച്ചല്‍ കടല്‍തീരത്ത് നിന്നും കണ്ടെത്തിയ മൃതദേഹം മൊട്ടമൂട് സ്വദേശിയായ കിരണിന്റേതെന്ന് സ്ഥിരീകരിച്ചു.ഡിഎൻഎ പരിശോധയിലാണ് മൃതദേഹം കിരണിന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് കിരണ്‍ ഫേയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍സുഹൃത്തിനെ കാണാന്‍ ആഴിമലയിലെത്തിയത്. സുഹൃത്തിനെ കിരണ്‍ വീടിനു സമീപം കണ്ടു മടങ്ങുന്നതിനിടെ പെണ്‍കുട്ടിയുടെ സഹോദരന്‍ ഉള്‍പ്പടെയുള്ള സംഘം വാഹനങ്ങളിലെത്തി തങ്ങളെ തടഞ്ഞു മര്‍ദിച്ചുവെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞത്. പൊലീസ് എത്തുമെന്നു പറഞ്ഞ് കിരണിനെ ബൈക്കിലും തങ്ങളെ കാറിലും കയറ്റി കൊണ്ടു പോയെന്നും ഇതിനിടെ കിരണിനെ കാണാതായെന്നും ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തി. കിരണിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. കിരണിനെ ബൈക്കില്‍ കയറ്റി കൊണ്ടുപോയ രാജേഷാണ് അറസ്റ്റിലായത്.
കിരണിനെ പെണ്‍കുട്ടിയുടെ ചേച്ചിയുടെ ഭര്‍ത്താവായ രാജേഷും മറ്റ് രണ്ട് പേരും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇതിന് ശേഷം തട്ടി കൊണ്ടുപോവുകയായിരുന്നു. മൃതദേഹത്തിന്‍റെ കയ്യിലെ ചരടും കിരണ്‍ കെട്ടിയിരുന്ന ചരടും തമ്മില്‍ സാമ്യമുണ്ടെന്ന് കിരണിന്‍റെ അച്ഛന്‍ മധു നേരത്തെ വ്യക്തമാക്കിയിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
ഡിഎൻഎ പരിശോധന ഫലം വന്നു, മൃതദേഹം കിരണിന്റേത്
