Headlines

കരുവന്നൂര്‍ ബാങ്കില്‍ 30 ലക്ഷം, ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ടിട്ടും നൽകിയില്ല,വയോധിക മരിച്ചു, മൃതദേഹവുമായി പ്രതിഷേധം

തൃശൂർ: കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ച്‌ തിരികെ കിട്ടാതിരുന്ന സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു.കരുവന്നൂര്‍ സ്വദേശി ഫിലോമിനയാണ് മരിച്ചത്. 70 വയസായിരുന്നു. ചികിത്സയ്ക്കായി പണം പിന്‍വലിക്കാന്‍ നിരവധി തവണ ബാങ്കില്‍ എത്തിയിട്ടും ഒരുരൂപ പോലും തന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

കഴിഞ്ഞ ഒരുമാസമായി ഫിലോമിന വിവിധ അസുഖങ്ങളെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പലതവണ നിക്ഷേപിച്ച പണത്തിനായി ബാങ്കിനെ സമീപിച്ചിട്ടും ഒരു മറുപടിയും ലഭിച്ചില്ലെന്ന് ഭര്‍ത്താവ് ദേവസ്യ പറഞ്ഞു. 30 ലക്ഷം രൂപയുടെ നിക്ഷേപമാണ് ബാങ്കില്‍ ഫിലോമിനയ്ക്ക് ഉണ്ടായിരുന്നത്. പണം കിട്ടിയിരുന്നെങ്കില്‍ മികച്ച ചികിത്സയ്ക്ക് നല്‍കാമായിരുന്നു ഭര്‍ത്താവ് പറഞ്ഞു.

40 വര്‍ഷം വിദേശത്ത് ജോലി ചെയ്തുണ്ടാക്കിയ പണമാണ് അവിടെ നിക്ഷേപിച്ചത്. ഫിലോമിന സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ പെന്‍ഷന്‍ തുക ഉള്‍പ്പടെ കരുവന്നൂര്‍ ബാങ്കിലാണ് നിക്ഷേപിച്ചത്. അദ്ധ്വാനിച്ചുണ്ടാക്കിയ പണം അടിയന്തരാവശ്യത്തിന് പിന്‍വലിക്കാന്‍ പോയിട്ടും അധികൃതരില്‍ നിന്നും ഒരു നടപടിയുമുണ്ടായില്ല. പണം ലഭിച്ചിരുന്നെങ്കില്‍ ഭാര്യയ്ക്ക് മികച്ച ചികിത്സ നില്‍കാന്‍ കഴിയുമായിരുന്നെന്നും ദേവസ്യ പറഞ്ഞു.

ഇന്നലെ അര്‍ധരാത്രിയിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഫിലോമിന മരിച്ചത്.

അതേ സമയം കോൺഗ്രസും ബിജെപിയുമാണ് മൃതദേഹവുമായി റോഡ് ഉപരോധിച്ചത്. തുടർന്ന് ആർഡിഒ സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയില്‍ മരണാനന്തര ചടങ്ങിനുള്ള പണം നൽകാമെന്നും തുടർ നടപടികൾ സ്വീകരിക്കാമെന്നും ഉറപ്പു നൽകിയതിനെ തുടർന്നാണ് റോഡ് ഉപരോധസമരം പിൻവലിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *