Headlines

പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി

കൊൽക്കത്ത:സ്‌കൂള്‍ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി മുഖ്യമന്ത്രി മമത ബാനര്‍ജി.വ്യവസായ വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി ഏറ്റെടുത്തു. പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്തും സിനിമാ നടിയുമായ അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് 50 കോടി രൂപ റെയ്ഡില്‍ ഇഡി പിടിച്ചെടുത്തിരുന്നു. പണം കണ്ടെത്തിയതിന് പിന്നാലെ അര്‍പ്പിതയെയും അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, തന്റെ രണ്ടാമത്തെ ഫ്‌ലാറ്റില്‍നിന്ന് ഇ.ഡി കണ്ടെടുത്ത പണം ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടേതാണെന്ന് നടി അര്‍പ്പിത മുഖര്‍ജി പറഞ്ഞു. പണം സൂക്ഷിക്കാന്‍ തന്റെ ഫ്‌ലാറ്റുകള്‍ ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ വെളിപ്പെടുത്തി. അര്‍പ്പിതയുടെ രണ്ടാമത്തെ ഫ്‌ലാറ്റില്‍നിന്ന് 28 കോടി രൂപയും അഞ്ച് കിലോ സ്വര്‍ണവും കണ്ടെത്തിയതിനു പിന്നാലെയാണ് വെളിപ്പെടുത്തല്‍.

നേരത്തെ, അര്‍പ്പിതയുടെ ബെല്‍ഗാരിയയിലെ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 20 കോടി രൂപയും മൂന്നു കിലോ സ്വര്‍ണവും കണ്ടെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി 15 സ്ഥലങ്ങളില്‍ ബുധനാഴ്ച ഇഡി പരിശോധന നടത്തിയിരുന്നു. നിര്‍ണായക രേഖകള്‍ കണ്ടെടുത്തതായും വിവരമുണ്ട്. പാര്‍ഥ ചാറ്റര്‍ജി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ബംഗാള്‍ സ്‌കൂള്‍ സര്‍വിസസ് കമീഷന്‍ വഴി സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപക-അനധ്യാപക തസ്തികകളില്‍ ജീവനക്കാരെ നിയമിച്ചതില്‍ കൈക്കൂലി വാങ്ങിയ പണമാണിതെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *