Headlines

കാട്ടാന വീട്ടുമുറ്റത്ത് യുവതിയെ ചവിട്ടിക്കൊന്നു, പ്രതിഷേധം

പാലക്കാട് അട്ടപ്പാടിയില്‍ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു. കാവുണ്ടിക്കല്‍ പ്ലാമരം ഇ.എം.എസ് കോളനിയിലെ ശിവരാമന്റെ ഭാര്യ മല്ലികയാണ് മരിച്ചത്.പുലര്‍ച്ചെ രണ്ടു മണിക്ക് വീട്ടുമുറ്റത്ത് വെച്ചാണ് മല്ലികയെ ആന ചവിട്ടിക്കൊന്നത്. ഭർത്താവ് നോക്കി നിൽക്കെയാണ് ആക്രമണം എന്നാണ് റിപ്പോർട്ട്. തുടർന്നും കുറെ സമയം അവിടെനിന്ന കാട്ടാനയെ ഏറെ പണിപ്പെട്ടാണ് മാറ്റിയത്

രണ്ടു മണിക്ക് തൊഴുത്തില്‍ നിന്നും പശുക്കളുടെ കരച്ചില്‍ കേട്ടാണ് ശിവരാമനും മല്ലികയും പുറത്തിറങ്ങിയത്. തൊഴുത്തിനടുത്തേക്ക് ശിവരാമന്‍ പോയ സമയത്താണ് മല്ലികയെ ആന ആക്രമിച്ചത്. ഇതു കണ്ട ശിവരാമന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

മൃതദേഹം അഗളി സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ട നടപടികള്‍ക്ക് ശേഷം മൃതദേഹം വിട്ടുനല്‍കും. വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്താണ് ഇവരുടെ വീട്. സ്ഥിരമായി കാട്ടാന ഇറങ്ങുന്ന പ്രദേശമാണിത്. കഴിഞ്ഞ ദിവസം ഇവിടെ നാല് കാട്ടാനകളെ കണ്ടതായി പ്രദേശവാസികള്‍ പറയുന്നു. കാട്ടാന ശല്യം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി. കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *