തിരുവനന്തപുരം: പാക് അധീന കശ്മീരിനെ ‘ആസാദ് കശ്മീര്‍’ എന്നും ഇന്ത്യയോട് ചേര്‍ന്ന ഭാഗത്തെ ഇന്ത്യന്‍ അധീന കശ്മീരെന്നും വിശേഷിപ്പിച്ച് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍.കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം ജലീല്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലെ പരാമര്‍ശമാണ് വിവാദമായത്. പാകിസ്താന്‍ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണിത്. കറന്‍സിയും പട്ടാള സഹായവും മാത്രമാണ് പാകിസ്താന്‍്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തമായി സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നുവെന്നും കെ ടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
സിയാഉല്‍ ഹഖ് പാകിസ്താന്‍ പ്രസിഡന്റായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്താന്‍ സര്‍ക്കാരിന് ഭരണപരമായി പാക് അധീന കശ്മീരില്‍ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം. ജമ്മുവും, കാശ്മീര്‍ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ‘ഇന്ത്യന്‍ അധീന ജമ്മു കാശ്മീര്‍’. കശ്മീരിന്‍്റെ 90% ഭൂപ്രദേശത്തും ജനവാസമില്ല. പ്രധാനപ്പെട്ട ജനവാസകേന്ദ്രം കശ്മീര്‍ വാലിയാണെന്നും കെ ടി ജലീല്‍ കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.
രാജ്യവിഭജന കാലത്ത് കശ്മീരും രണ്ടായി പകുത്തു. ഇരു കാശ്മീരുകള്‍ക്കും സ്വയം നിര്‍ണ്ണയാവകാശം ബ്രിട്ടീഷുകാര്‍ നല്‍കിയിരുന്നു. ഷെയ്ഖ് അബ്ദുല്ലയും അദ്ദേഹത്തിന്‍്റെ പ്രിയപ്പെട്ട നാട്ടുകാരും ഇന്ത്യയോട് ചേര്‍ന്നു. അതിനുള്ള സമ്മാനമെന്നോണം പണ്ഡിറ്റ് നഹറു അവര്‍ക്ക് നല്‍കിയ സമ്മാനമാണ് പ്രത്യേക പദവി. അതവരുടെ സമ്മതം കൂടാതെ ദൂരെക്കളഞ്ഞതില്‍ ജനങ്ങള്‍ ദു:ഖിതരാണെന്നും കെ ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.
ജലീലിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പാക് അധീന കശ്മീരിലെ പാക് ഭരണകൂടത്തിന്റെ ‘കുറഞ്ഞ ഇടപെടലിനെ’ പുകഴ്ത്തുകയാണ് ജലീല്‍ ചെയ്യുന്നതെന്ന് ബിജെപി വക്താവ് സന്ദീപ് വാരിയര്‍ പറഞ്ഞു. ജലീലിന്റെ ഉള്ളിലുള്ള വിഷം വരികള്‍ക്കിടയില്‍ വ്യക്തമാണെന്നും സന്ദീപ് ചൂണ്ടിക്കാട്ടി. ജലീലിന്റെ പരാമര്‍ശം രാജ്യത്തിന്റെ അഖണ്ഡതക്ക് എതിരാണ്, അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.