മോസ്കോ: സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ്(91) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു.മോസ്കോയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് അന്ത്യം. ആശുപത്രിയെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താഏജന്‍സികളാണ് മരണവിവരം പുറത്തുവിട്ടത്.
രക്തച്ചൊരിച്ചില്‍ ഇല്ലാതെ ശീതയുദ്ധം അവസാനിപ്പിച്ച നേതാവാണ് വിടപറയുന്നത്. ആറ് വര്‍ഷം യുഎസ്‌എസ്‌ആറിന്റെ പ്രസിഡന്റായിരുന്ന ഗോര്‍ബച്ചേവ് സോവിയറ്റ് യൂണിയനെ ജനാധിപത്യവല്‍കരിക്കാനുള്ള ശ്രമങ്ങളുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടു. ശീതയുദ്ധം അവസാനിപ്പിക്കാനായെങ്കിലും സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ഒഴിവാക്കാന്‍ ഗോര്‍ബച്ചേവിനായില്ല. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ഉത്തരവാദി എന്ന പേരിലും ഗോര്‍ബച്ചേവ്‌വിമര്‍ശിക്കപ്പെട്ടു.
1990 ല്‍ സമാധാനത്തിന് ഉളള നൊബേല്‍ സമ്മാനം നേടി. പെരിസ്ട്രോയിക്ക,ഗ്ലാസ്നോറ്റ് സിദ്ധാന്തങ്ങള്‍ മിഖായേല്‍ ഗോര്‍ബച്ചേവിന്റേതാണ്. വധ ശ്രമങ്ങളല്‍ നിന്ന് പലതവണ മിഖായേല്‍ ഗോര്‍ബച്ചേവ് രക്ഷപെട്ടിട്ടുണ്ട്. മിഖായേല്‍ ഗോര്‍ബച്ചേവിന്‍റെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ അനുശോചിച്ചു.
1931ല്‍ പ്രിവോയ്‌ലിയില്‍ കര്‍ഷക കുടുംബത്തിലാണ് ഗോര്‍ബച്ചേവിന്റെ ജനനം. മോസ്‌കോ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ പഠനത്തിനിടയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായി. 1985ല്‍ 54ാം വയസില്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി. പിന്നീട് സോവിയറ്റ് യൂണിയന്റെ എട്ടാമത്തെ പ്രസിഡന്റുമായി.
സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു
