Headlines

ഗര്‍ഭിണിയുടെയും 5 വയസ്സുള്ള കുട്ടിയുടെയും മൃതദേഹങ്ങള്‍ കട്ടിലിനുള്ളിലെ അറയിൽ

ഗര്‍ഭിണിയായ യുവതിയുടെയും അഞ്ചുവയസ്സുള്ള മകന്റെയും മൃതദേഹങ്ങള്‍ വീട്ടിലെ കട്ടിലിനുള്ളില്‍ കണ്ടെത്തി. മീററ്റിലെ ഹസ്തിനാപുര്‍ സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ സന്ദീപ് കുമാറിന്റെ ഭാര്യ ശിഖ(25), മകന്‍ രുക്‌നാഷ് എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. വീട്ടില്‍നിന്ന് സ്വര്‍ണവും പണവും മോഷണം പോയതായി ബന്ധുക്കളും മൊഴി നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ സന്ദീപ് ബാങ്കില്‍നിന്ന് തിരിച്ചെത്തിയപ്പോളാണ് കട്ടിലിനുള്ളിലെ അറയില്‍ ഭാര്യയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടിലെത്തി ഏറെനേരം വിളിച്ചിട്ടും ഭാര്യയുടെയോ മകന്റെയോ പ്രതികരണമില്ലാത്തതിനാല്‍ സന്ദീപ് അയല്‍ക്കാരെയും പോലീസിനെയും വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് അയല്‍ക്കാരുടെ സാന്നിധ്യത്തില്‍ വാതില്‍ പൊളിച്ച് അകത്തുകടന്നതോടെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. വീട്ടിനകത്തെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു.

കൈകള്‍ കെട്ടി വായില്‍ തുണിതിരുകിയ നിലയിലായിരുന്നു രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. കവര്‍ച്ചയ്ക്കിടെയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. കഴുത്ത് ഞെരിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയിരിക്കുന്നതെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *