പാലക്കാട്: വ്യാജരേഖാ കേസിൽ അറസ്റ്റ് ചെയ്ത കെ വിദ്യയുടെ ആരോഗ്യ നില തൃപ്തികരം. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കെ വിദ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില തൃപ്തികരമായതോടെ കെ വിദ്യ ആശുപത്രി വിട്ടു. ഭക്ഷണവും വെളളവും കഴിക്കാത്തതിനെ തുടർന്നാണ് നിർജലീകരണം മൂലം വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ അട്ടപ്പാടി കോളേജിലെ പ്രിൻസിപ്പൽ, ഇൻറർവ്യൂ ബോർഡിലുണ്ടായിരുന്ന മറ്റ് അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ വിദ്യയെ വിശദമായി ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘം പദ്ധതിയിട്ടിരുന്നു. ഇതിനിടെയാണ് വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
അതേസമയം, വിദ്യയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. വിദ്യയെ നാളെ ഉച്ചയോടെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.