കായംകുളം : വ്യാജബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ച കേസിൽ തന്നെ വിദേശത്തുള്ള സുഹൃത്ത് ചതിച്ചെന്ന് പ്രതി നിഖിൽ തോമസ്. കലിംഗ യൂണിവേഴ്‌സിറ്റിയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് സുഹൃത്ത് തന്നോട് വ്യക്തമാക്കിയതായി നിഖിൽ തോമസ് പറഞ്ഞു. ഈ സര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും വിശ്വസിപ്പിച്ചു.
ഇത് പ്രകാരം പണം നൽകി കലിംഗ യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റ് കൈപ്പറ്റുകയായിരുന്നു. ഇതിൽ ഇടനിലക്കാർ ഉണ്ടെന്നോയെന്നും പോലീസ് അന്വേഷിക്കും. നിഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ വിദേശത്തുള്ള സുഹൃത്തിനേയും പ്രതി ചേര്‍ത്തേക്കുമെന്നാണ് സൂചന. പിടിക്കപ്പെടില്ലെന്ന സുഹൃത്തിന്റെ ഉറപ്പിന്മേലാണ് ഈ സർട്ടിഫിക്കറ്റ് സമർപ്പിച്ചതെന്നും നിഖിലിന്റെ മൊഴിയിലുണ്ട്.
പ്രാഥമിക ചോദ്യംചെയ്യലിലാണ് നിഖില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. നിഖിൽ തോമസിനെ ശനിയാഴ്‌ച പുലർച്ചെ 12.30-ന് കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്‌റ്റാൻഡിൽ വെച്ചാണ് കായംകുളം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ പിടികൂടുന്നത്. . ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിശദമായ ചോദ്യംചെയ്യലിലേക്ക് ഉദ്യോഗസ്ഥര്‍ കടക്കും.