സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയാകുന്നത് ഇന്ന് രാവിലെ മുതല്‍ നഗരങ്ങളില്‍ പലയിടങ്ങളിലായി ഒട്ടിച്ചിരിക്കുന്ന ലുക്ക്‌ഔട്ട് നോട്ടീസാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊടുംകുറ്റവാളി നാല്‍പ്പത്തിയേഴു വയസ്സുകാരൻ അശോകനെ അന്വേഷിച്ചുള്ള ലുക്ക്‌ഔട്ട് നോട്ടീസാണ് പലയിടങ്ങളിലായി കാണപ്പെട്ടത്.
മലയാളവും തമിഴും സംസാരിക്കുന്ന, നിലവില്‍ ഒളിവില്‍പ്പോയിരിക്കുന്ന അശോകനെക്കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കുവാനാണ് നോട്ടീസില്‍ പറയുന്നത്. എന്നാൽ അശോകന് നമ്മുടെ കുഞ്ചാക്കോ ബോബന്റെ ലുക്ക് ആയതാണ് ചർച്ചകൾക്ക് കാരണം.
അനിയത്തിപ്രാവു മുതല്‍ ന്നാ താൻ കേസുകൊട് വരെ വ്യത്യസ്തവേഷങ്ങളിലൂടെ ആരാധകരെ അത്ഭുതപ്പെടുത്തിയ കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണോ ഈ ലുക്ക്‌ഔട്ട് നോട്ടീസ് എന്ന സംശയത്തിലാണ് പ്രേക്ഷകര്‍. ചിത്രം ഏതാണെന്നു വ്യക്തമല്ലെങ്കിലും അണിയറപ്രവര്‍ത്തകര്‍ ആ രഹസ്യം ഉടൻ പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.