ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ സിമന്റ് നിര്‍മാതാക്കളില്‍ ഒരാളായ ശ്രീ സിമന്റ് ഗ്രൂപ്പ് വന്‍ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തല്‍. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് കമ്പനിയുടെ വന്‍ നികുതിവെട്ടിപ്പ് പുറത്തായത്. ജയ്പൂര്‍, ബിവാര്‍, അജ്മീര്‍, ചിറ്റഗ്രോഹ് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. വ്യാജ രേഖകളുണ്ടാക്കി 23,000 കോടിയുടെ നികുതിവെട്ടിപ്പ് കമ്പനി നടത്തിയെന്നാണ് കണക്കാക്കുന്നത്.
കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിമന്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ രണ്ടാമത്തെ ആഴ്ചയാണ് റെയ്ഡ് പുരോഗമിക്കുന്നത്. കമ്പനി എല്ലാവര്‍ഷവും 1200 കോടി മുതല്‍ 1400 കോടിയുടെ വരെ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ക്രമക്കേടിന് വേണ്ടി ഉപയോഗിച്ച നിരവധി കരാറുകളും അന്വേഷണ സംഘം പിടിച്ചെടുത്തു. തട്ടിപ്പ് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ ശ്രീ സിമന്റിന്റെ ഓഹരി വില 2.7 ശതമാനം ഇടിഞ്ഞിരുന്നു.