ജൂണിൽ നടന്ന അന്താരാഷ്‌ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള വേദിയായി അർജന്റീന ഫുട്ബോൾ ടീം ആദ്യം പരിഗണിച്ച രാജ്യങ്ങളിൽ ഒന്ന് ഇന്ത്യ ആയിരുന്നു. എന്നാൽ അർജന്റീനക്ക് നൽകാനുള്ള പണമില്ലെന്ന കാരണത്താൽ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ അത് വേണ്ടെന്നു വെച്ചു. ഇതേത്തുടർന്ന് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ നേതൃത്വത്തിനെതിരെ ആരാധകർ നിശിതമായ വിമർശനവുമായി രംഗത്തു വന്നിരുന്നു.
അതിനു പിന്നാലെ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് രംഗത്തു വന്നിരിക്കുകയാണ് കേരളത്തിന്റെ കായികമന്ത്രിയായ വി അബ്‌ദുൾ റഹ്‌മാൻ. ഇക്കാര്യം സൂചിപ്പിച്ച് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റായ ക്ലൗഡിയോ ടാപ്പിയോക്ക് അദ്ദേഹം കത്തയക്കുകയും ചെയ്‌തിട്ടുണ്ട്. ഫേസ്‌ബുക്കിൽ അദ്ദേഹം നൽകിയ കുറിപ്പിന്റെ പൂർണരൂപം വായിക്കാം
ഖത്തർ ലോകകപ്പിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ ചിറകിലേറി അർജന്റീന കിരീടമുയർത്തിയ അവിസ്മരണീയ മുഹൂർത്തത്തിന് നേരിൽ സാക്ഷിയായതിന്റെ ആഹ്ലാദം ഇപ്പോഴും അടങ്ങിയിട്ടില്ല. കിരീടത്തിലേക്കുള്ള കഠിനപ്രയാണത്തിൽ മെസിക്കും സംഘത്തിനും ഊർജ്ജമായത് ഏഷ്യൻ മേഖലയുടെ അകമഴിഞ്ഞ പിന്തുണയാണ്. പ്രത്യേകിച്ചും തെക്കനേഷ്യയുടെ.
ലോകകപ്പ് വേളയിൽ കേരളമാകെ നീലക്കടലാക്കുന്ന കാഴ്ച നാം കണ്ടതാണ്. പുഴയോരത്ത് ഉയർത്തിയ മെസിയുടെ കൂറ്റൻ കട്ടൗട്ട് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വാർത്തയായി. കളി നേരിൽ കാണാൻ ഖത്തറിലേക്ക് പറന്നവരും ഏറെയായിരുന്നു. ലോകകപ്പ് മത്സരങ്ങൾക്ക് സാക്ഷിയായ മലയാളികളുടെ എണ്ണം സംഘടകരെ അമ്പരപ്പിച്ചു. ഖത്തറിലും ഇങ്ങ് കേരളത്തിലും എല്ലാ ടീമുകളെയും മലയാളികൾ ഒരു പോലെ പ്രോത്സാഹിപ്പിച്ചു. ടീമിനെക്കാളുപരി നല്ല ഫുട്ബോളിനായി എന്നും നിലകൊള്ളുന്നവരാണ് മലയാളികൾ. അതുകൊണ്ടാണ് അർജന്റീനയും ബ്രസീലും മറ്റും അവർക്ക് സ്വന്തം ടീമാകുന്നത്.