തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിക്ക് ക്രൂരപീഡനം. യുവതിയെ ഗോഡൗണിൽ എത്തിച്ചു കെട്ടിയിട്ടു പീഡിപ്പിച്ചു. അതിക്രമത്തിന് ഇരയായ യുവതി വിവസ്ത്രയായി ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരണിനെ കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തു. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രിയിലാണ് അതിക്രമം നടന്നത്. ചന്തവിള റോഡിലെ ഗോഡൗണിൽ യുവതിയെ എത്തിച്ചാണ് പ്രതിയായ കിരൺ പീഡിപ്പിച്ചത്. കൈകൾ കെട്ടിയിട്ടായിരുന്നു അതിക്രമം. ക്രൂരമായി മർദിക്കുകയും പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു.
രാവിലെ കെട്ടുകൾ അഴിച്ച യുവതി ഗോഡൗണിൽനിന്നു വിവസ്ത്രയായി ഓടി രക്ഷപ്പെടുകയായിരുന്നു. യുവതിയെ പിടികൂടാൻ കിരണും പിന്തുടർന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷകരായത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം പോലീസ് എത്തി കിരണിനെ പിടികൂടുകയായിരുന്നു.