ന്യൂഡല്‍ഹി : പുരാവസ്തു തട്ടിപ്പ് കേസിൽ , തന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണവും വിജിലന്‍സ് ആരംഭിച്ചിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ഇതിന്റെ ഭാഗമായി അക്കൗണ്ട് വിവരങ്ങൾ അറിയിക്കാൻ ഭാര്യയ്ക്ക് കത്ത് ലഭിച്ചുവെന്നും കെ സുധാകരൻ പറഞ്ഞു. മാദ്ധ്യമങ്ങളോടാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലെത്തിയ വേളയിലാണ് മാധ്യമങ്ങളോട് ഇക്കാര്യങ്ങൾ സംസാരിച്ചത്.
സുധാകരന്‍റെ ഭാര്യ സ്മിതയുടെ അക്കൗണ്ടു വിവരങ്ങള്‍ വിജിലന്‍സ് ആരാഞ്ഞിട്ടുണ്ട്. ഭാര്യ പഠിപ്പിക്കുന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിന് ഇതുസംബന്ധിച്ച നോട്ടീസും ലഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് അന്വേഷിക്കുന്നത്. കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള തന്റെ രാജി അടഞ്ഞ അദ്ധ്യായമാണെന്ന് കെ സുധാകരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കേസിൽ പ്രതിയെന്ന നിലയ്ക്കാണ് താൻ രാജി സന്നദ്ധത പ്രകടിപ്പിച്ചത്. എന്നാൽ പ്രസിഡന്റ് പദവിയിൽ തുടരണമെന്ന ഹൈക്കമാന്റിന്റെയും, മുതിർന്ന നേതാക്കളുടെയും ആവശ്യം അംഗീകരിക്കുകയാണെന്നുമാണ് സുധാകരൻ പറഞ്ഞത്.