ലോകത്തിലെ ഏറ്റവും വൃത്തികെട്ട നായക്കുട്ടി എന്ന കിരീടം സ്വന്തമാക്കിയിരിക്കുകയാണ് സ്‌കൂട്ടർ എന്ന ചൈനീസ് നായക്കുട്ടി. ഈ കഴിഞ്ഞ ജൂൺ 23-നായിരുന്നു 2023-ലെ ഏറ്റവും വൃത്തികെട്ട നായയെ കണ്ടെത്താനുള്ള മത്സരം നടന്നത്. ഈ ടൈറ്റിൽ സ്വന്തമാക്കിയ സ്കൂട്ടറിന് 1,500 ഡോളറും ഒരു ട്രോഫിയും സമ്മാനമായി കിട്ടി.
ഏഴ് വയസ് പ്രായമായ സ്‌കൂട്ടർ വികലമായ പിൻകാലുകളോടെയായിരുന്നു ജനിച്ചത്. രോമമില്ലാത്ത ചൈനീസ് ക്രെസ്റ്റഡ് നായയെ സേവിംഗ് അനിമൽസ് ഫ്രം യൂത്തനേഷ്യ (സേഫ്) റെസ്‌ക്യൂ ഗ്രൂപ്പാണ് തെരുവിൽ ഉപേക്ഷിക്കപ്പെട്ടിരുന്ന നായക്കുട്ടിയെ രക്ഷിച്ചത്. ഈ സംഘടനയിൽ ഒരാൾ ഈ നായക്കുട്ടിയെ 7 വർഷത്തോളം വളർത്തുകയും ശേഷം എൽമ്ക്വിസ്റ്റ് എന്ന മൃഗസ്നേഹി നായയെ ദത്തെടുക്കുകയും ചെയ്തു.
കാലിഫോർണിയയിലെ പെറ്റാലുമയിൽ സോനോമ-മാരിൻ മേളയുടെ ഭാഗമായാണ് ലോകപ്രശസ്തമായ ഈ മത്സരം നടക്കുന്നത്.നായയെ ദത്തെടുക്കുന്നത് പ്രോത്സാഹിപ്പിക്കുക, സവിശേഷതകളുള്ള നായകളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ വേദിയൊരുക്കുക എന്നിവയാണ് ഇവരുടെ ലക്ഷ്യം.