മലപ്പുറം: അരീക്കോട് പത്തനാപുരത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചു വയോധികൻ മരിച്ചു. വെസ്റ്റ് പത്തനാപുരം സ്വദേശി കൊന്നാലത്ത് മെയ്തീൻകുട്ടി (78) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്.
പത്തനാപുരം ചുങ്കത്ത് വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ പത്തനാപുരം ഭാഗത്തുനിന്ന് എത്തിയ ബൈക്ക് മെയ്തീൻകുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
മെയ്തീൻകുട്ടിയെ ഉടൻ പ്രദേശവാസികളുടെ നേതൃത്വത്തിൽ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള തുടർപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.