ആലപ്പുഴ: മാവേലിക്കര മാങ്കാംകുഴി മറിയാമ്മ കൊലക്കേസ് പ്രതി അച്ചാമ്മയെന്ന റെജിയെ (51) പോലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ. 27 വർഷം നീണ്ട ഒളിവുജീവിതത്തിനൊടുവിലാണ് റെജിയെ കോതമംഗലത്തെ തുണിക്കടയിൽനിന്ന് മഫ്തിയിലെത്തിയ പോലീസ് സംഘം പിടികൂടിയത്. മിനി രാജു എന്ന പേരിൽ കോതമംഗലത്തെ അടിവാട് വാടകവീട്ടിൽ ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം പുതിയ ജീവിതം മുന്നോട്ടുകൊണ്ടുപോകുമ്പോഴാണ് റെജി പിടിയിലാകുന്നത്.
വീട്ടമ്മയായ മാങ്കാംകുഴി കുഴിപ്പറമ്പിൽ തേക്കേതിൽ പരേതനായ പാപ്പച്ചൻ്റെ ഭാര്യ മറിയാമ്മ (61) 1990 ലാണ് കൊലപ്പെട്ടത്. കേസിൽ പ്രതിയായ അറുനൂറ്റിമംഗലം സ്വദേശിനിയായിരുന്ന റെജിയെ പോലീസ് അന്നുതന്നെ പിടികൂടിയിരുന്നു. മറിയാമ്മയുടെ സ്വർണാഭരണങ്ങൾ ലക്ഷ്യമിട്ടാണ് അകന്ന ബന്ധുവും വീട്ടിലെ ജോലിക്കാരിയുമായിരുന്ന റെജി കൊല നടത്തിയത്. 1993ൽ വിചാരണാ കോടതി റെജിയെ വെറുതെവിട്ടു. എന്നാൽ പ്രോസിക്യൂഷൻ്റെ അപ്പീലിൽ 1996ൽ ഹൈക്കോടതി 26കാരിയായ റെജിയെ ജീവപര്യന്തത്തിന് ശിക്ഷിക്കുകയായിരുന്നു. ഇതോടെ റെജി ഒളിവിൽ പോകുകയായിരുന്നു.
അറസ്റ്റ് ഭയന്ന് സംസ്ഥാനം വിട്ട റെജി എത്തിച്ചേർന്നത് തമിഴ്നാട്ടിലാണ്. അവിടെവെച്ചു തക്കല സ്വദേശിയെ വിവാഹം ചെയ്തു. പിന്നീട് മിനി രാജു എന്ന പേരിൽ കേരളത്തിലേക്ക് മടങ്ങി കോതമംഗലത്തെ അടിവാട് വാടകവീട്ടിൽ താമസം തുടങ്ങി. പ്രദേശത്തെ വിവിധ സ്ഥാപനങ്ങളിലും വീടുകളിലും ജോലി ചെയ്ത റെജി തന്റെ ഭൂതകാലം പുറംലോകമറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധചെലുത്തി.